ന്യൂഡൽഹി: സിന്ധുനദീതട സംസ്കാരത്തിന്റെ ചരിത്രപ്രസിദ്ധമായ അവശിഷ്ടങ്ങളിലൊന്നായ ‘ഡാൻസിംഗ് ഗേൾ’ ശില്പത്തിന്റെ ചിത്രം പാഠപുസ്തകത്തിൽ വികലമായി അവതരിപ്പിച്ചതിനെതിരായ ശക്തമായ പ്രതിഷേധങ്ങൾക്ക് പിന്നാലെ തിരുത്തലുമായി എൻസിഇആർടി. ഒൻപതാം ക്ലാസിലെ ആർട്സ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയ പരിഷ്കരിച്ച ചിത്രം ഒഴിവാക്കി, ശില്പത്തിന്റെ യഥാർത്ഥ ചിത്രം തന്നെ ഉൾപ്പെടുത്തുമെന്ന് എൻസിഇആർടി ഡയറക്ടർ ദിനേഷ് സക്ലാനി അറിയിച്ചു. ചരിത്രരേഖകൾ വക്രീകരിക്കപ്പെടുന്നു എന്ന ആരോപണത്തെ തുടർന്നാണ് തീരുമാനം.
എൻസിഇആർടിയുടെ പുതിയ ഒൻപതാം ക്ലാസ് ആർട്സ് പുസ്തകമായ ‘മധുരിമ’യിലെ ഒന്നാം അധ്യായത്തിലാണ് വെങ്കല ശില്പത്തിന് വസ്ത്രം ധരിപ്പിച്ച രീതിയിലുള്ള ചിത്രം ഉൾപ്പെടുത്തിയിരുന്നത്. ശില്പത്തിന്റെ നഗ്നമായ മുകൾഭാഗം കറുത്ത ഷേഡിങ്ങിലൂടെ മറച്ചതിനെതിരെ ചരിത്രകാരന്മാരും അധ്യാപകരും വിമർശനം ഉയർത്തി. ഇതോടെ ചരിത്രപരമായ രൂപഭംഗി നഷ്ടപ്പെടുന്നു എന്ന ആരോപണവും ശക്തമായി.
അതേസമയം, എൻസിഇആർടിയുടെ ആറാം ക്ലാസ് സോഷ്യൽ സയൻസ് പുസ്തകത്തിൽ ഈ ശില്പം അതിന്റെ യഥാർത്ഥ രൂപത്തിൽ തന്നെ ഉൾപ്പെടുത്തിയിരിക്കുന്നതും ചർച്ചകൾക്ക് ഇടയാക്കി. ആറാം ക്ലാസ് പാഠപുസ്തക സമിതി അധ്യക്ഷൻ മിഷേൽ ഡാനിനോ ഈ വിഷയത്തിൽ ശക്തമായി പ്രതികരിച്ചിരുന്നു. ചെറുപ്പക്കാർക്ക് ഈ ചിത്രം അനുയോജ്യമല്ല എന്ന വിക്ടോറിയൻ കാലഘട്ടത്തിലെ സദാചാര കാഴ്ചപ്പാടാണ് മാറ്റത്തിന് പിന്നിലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ചരിത്രകലാരൂപങ്ങളെ ഇത്തരത്തിൽ മാറ്റം വരുത്തുന്നത് അനാവശ്യ ഇടപെടലാണെന്നും, ചരിത്രത്തെ സദാചാര കണ്ണടയിലൂടെ തിരുത്തുന്നത് തെറ്റാണെന്നും അദ്ദേഹം വിമർശിച്ചു. ബിസി 2600-ൽ നിർമ്മിച്ചതായി കരുതുന്ന ഈ വെങ്കല ശില്പം സിന്ധുനദീതട സംസ്കാരത്തിന്റെ പ്രധാന അടയാളങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. രാജ്യവ്യാപകമായി ഉയർന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ഇപ്പോൾ എൻസിഇആർടി യഥാർത്ഥ ചിത്രം പുനഃസ്ഥാപിക്കാൻ തീരുമാനിച്ചിരിക്കുന്നത്.






