ജയ്‌പൂർ: ഐപിഎല്ലിൽ ഇന്ന് ആവേശകരമായ പോരാട്ടം. മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് രാജസ്ഥാൻ റോയൽസിനെ നേരിടും. എട്ട് കളിയില്‍ അഞ്ചിലും തോല്‍വിയോടെയാണ് ഡൽഹി ഇന്ന് ഇറങ്ങുന്നത്. രാജസ്ഥാന്റെ ഹോം ഗ്രൗണ്ടില്‍ ഡൽഹി ഇറങ്ങുമ്പോൾ ആശങ്കയുടേയും ആവലാതിയുടേയും നടുവിലാണ്. കെ എല്‍ രാഹുലും ഡേവിഡ് മില്ലറും ട്രിസ്റ്റന്‍ സ്റ്റബ്‌സും അടക്കമുള്ള ബാറ്റര്‍മാര്‍ ഉണ്ടെങ്കിലും സ്ഥിരതയില്ലായ്മയാണ് ഡല്‍ഹിയുടെ പ്രതിസന്ധി. കഴിഞ്ഞ മത്സരത്തിൽ ആർസിബിയോട് തോറ്റതിന്റെ ക്ഷീണത്തിൽ നിന്നും കരകയറാൻ ഡൽഹിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. തോളിലെ പരിക്കിൽ നിന്ന് മുക്തനായ ഓസ്‌ട്രേലിയൻ സൂപ്പർ താരം മിച്ചൽ സ്റ്റാർക്ക് ഡൽഹി ക്യാപിറ്റൽസിനായി ഇന്ന് കളിച്ചേക്കും. തുടർച്ചയായി തോറ്റ് നിൽക്കുന്ന ഡൽഹിക്ക് സ്റ്റാർക്കിന്റെ വരവ് വലിയ ആശ്വാസമാണ്.
അതേസമയം, പഞ്ചാബ് കിങ്സിനെതിരായ തകർപ്പൻ വിജയത്തിന്റെ ആവേശത്തിലാണ് റിയാൻ പരാഗ് നയിക്കുന്ന രാജസ്ഥാൻ റോയൽസ്. വൈഭവ് സൂര്യവന്‍ഷി, യശസ്വീ ജയ്‌സ്വാള്‍ ഓപ്പണിംഗ് ജോഡിയിലാണ് രാജസ്ഥാന്‍ റോയല്‍സിന്റെ പ്രതീക്ഷ. ഇരുവരും താളം കണ്ടെത്തിയാല്‍ ഡല്‍ഹി ബൗളര്‍മാര്‍ കാഴ്ചക്കാരാവും. പവർപ്ലേയിൽ അതിവേഗ പന്തുകളുമായി ബാറ്റ്‌സ്മാന്മാരെ വിറപ്പിക്കുന്ന ജോഫ്ര ആർച്ചറാണ് രാജസ്ഥാന്റെ പ്രധാന കരുത്ത്. രവീന്ദ്ര ജഡേജയുടെ ഓള്‍റൗണ്ട് മികവുംജോഫ്ര ആര്‍ച്ചറുടെ വേഗപ്പന്തുകളും നിര്‍ണായകം. ഇതുവരെയുള്ള നേർക്കുനേർ മത്സരങ്ങളിൽ ഇരുവരും ഒപ്പത്തിനൊപ്പമാണ്.






