ആലപ്പുഴ: നിർമാണം പുരോഗമിക്കുന്ന ദേശീയപാതയ്‌ക്ക് സമീപം വണ്ടാനം കാവിന്റെ പരിസരത്ത് മാലിന്യം കുന്നുകൂടി പ്രദേശവാസികൾ ദുരിതത്തിൽ. ദുർഗന്ധം രൂക്ഷമായതോടെ കാൽനടയാത്രക്കാരും നാട്ടുകാരും വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്.
വലിയ പ്ലാസ്റ്റിക് കവറുകളിലാക്കി ഹോട്ടലുകൾ, ബേക്കറികൾ, പച്ചക്കറിക്കടകൾ എന്നിവിടങ്ങളിൽ നിന്നുള്ള മാലിന്യങ്ങളാണ് പ്രധാനമായും ഇവിടെ തള്ളുന്നത്. ഇറച്ചി, മത്സ്യ അവശിഷ്ടങ്ങൾക്കും വിവാഹസൽക്കാരങ്ങളിൽ ബാക്കിയാകുന്ന ഭക്ഷണത്തിനും പുറമെ പൊട്ടിയ പാത്രങ്ങൾ, ചില്ലുകൾ, കോഴിമാലിന്യം, മുടി എന്നിവയും റോഡരികിൽ ഉപേക്ഷിക്കപ്പെടുന്നുണ്ട്.
പ്ലാസ്റ്റിക് കവറുകളിലാക്കി തള്ളുന്ന അടുക്കളമാലിന്യങ്ങൾ ചീഞ്ഞളിഞ്ഞ് പുഴുവരിച്ച് ചിതറിക്കിടക്കുകയാണ്. ഇതോടെ ഭക്ഷണത്തിനായി എത്തുന്ന തെരുവുനായ്ക്കളുടെ ശല്യവും വർധിച്ചിട്ടുണ്ട്. കൂട്ടമായി തങ്ങുന്ന നായ്ക്കൾ യാത്രക്കാരെ ആക്രമിക്കുന്ന സംഭവങ്ങളും പതിവാണെന്ന് നാട്ടുകാർ പറയുന്നു.
നൂറുകണക്കിന് യാത്രക്കാരും മെഡിക്കൽ കോളജ് വിദ്യാർത്ഥികളും ഭക്തരും ദിവസേന ഉപയോഗിക്കുന്ന സർവീസ് റോഡാണിത്. ആലപ്പുഴ ജില്ലയിലെ ഏക വനമെന്നറിയപ്പെടുന്ന വണ്ടാനം കാവിനോട് ചേർന്നാണ് മാലിന്യക്കൂമ്പാരം രൂപപ്പെട്ടിരിക്കുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിരവധി തവണ പരാതി നൽകിയിട്ടും നടപടിയില്ലെന്നാണ് ആക്ഷേപം. ക്ഷേത്ര ഉപദേശക സമിതിയും വിഷയം അവഗണിക്കുന്നുവെന്ന പരാതിയും ഉയരുന്നുണ്ട്. മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.






