വാഷിങ്ടൺ: മുത്തശ്ശി ഡേകെയറിൽ എത്തിക്കാൻ മറന്നതിനെ തുടർന്ന് എട്ടുമണിക്കൂറോളം കാറിനുള്ളിൽ കുടുങ്ങിയ പത്തുമാസം പ്രായമുള്ള കുഞ്ഞിനെ മരിച്ചനിലയിൽ കണ്ടെത്തി. അമേരിക്കയിലെ കെന്റക്കി മാഡിസൺവില്ലെയിലാണ് ദാരുണ സംഭവം. സ്കോട്ടി ഗ്വിൻ ക്രോവെൽ എന്ന കുഞ്ഞാണ് മരിച്ചത്. അടച്ചിട്ട കാറിനുള്ളിലെ കടുത്ത ചൂടാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
കുഞ്ഞിനെ ഡേകെയറിൽ എത്തിക്കാനായി മുത്തശ്ശി ഡോ. സ്റ്റേസി ഫസേൻബേക്കർ (61) രാവിലെ വീട്ടിൽനിന്ന് പുറപ്പെട്ടത്. കുഞ്ഞിനെ കാറിന്റെ പിൻസീറ്റിലിരുത്തിയിരുന്നു. എന്നാൽ, ഡേകെയറിൽ എത്തിക്കേണ്ട കാര്യം മറന്ന ഡോ. സ്റ്റേസി നേരെ ജോലിസ്ഥലത്തേക്ക് പോവുകയായിരുന്നു. കുഞ്ഞ് കാറിലുണ്ടെന്ന കാര്യം ഓർക്കാതെയാണ് ഇവർ വാഹനം പാർക്ക് ചെയ്ത് ജോലിക്ക് പോയത്.
വൈകിട്ട് നാലുമണിയോടെ കുഞ്ഞിനെ കൂട്ടിക്കൊണ്ടുപോകാൻ പിതാവ് ഡേകെയറിലെത്തിയപ്പോഴാണ് കുട്ടിയെ അന്ന് ഡേകെയറിൽ എത്തിച്ചിട്ടില്ലെന്ന് മനസ്സിലായത്. തുടർന്ന് കുടുംബം ഡോ. സ്റ്റേസിയെ വിവരമറിയിച്ചു. ഇതോടെയാണ് കുഞ്ഞിനെ കാറിൽ കൊണ്ടുവന്ന കാര്യം മുത്തശ്ശി ഓർത്തത്.
ഉടൻ കാറിനടുത്തെത്തിയെങ്കിലും പിൻസീറ്റിൽ കുഞ്ഞിനെ ചലനമറ്റനിലയിലാണ് കണ്ടെത്തിയത്. മണിക്കൂറുകളോളം അടച്ചിട്ട വാഹനത്തിനുള്ളിൽ കിടന്നതാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
സംഭവത്തിൽ ഇതുവരെ ആർക്കെതിരെയും കേസെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. അന്വേഷണം തുടരുകയാണ്. ഡോ. സ്റ്റേസിയെ ലഹരി പരിശോധനയ്ക്കും വിധേയയാക്കിയെങ്കിലും പരിശോധനാഫലം പോസിറ്റീവാകാൻ സാധ്യതയില്ലെന്നാണ് പൊലീസ് വ്യക്തമാക്കിയത്.
ഡോ. സ്റ്റേസിയുടെ മകൾ സിഡ്നി ക്രോവെല്ലിയുടെ (33) മകളാണ് സ്കോട്ടി ഗ്വിൻ ക്രോവെൽ. സിഡ്നിയും ഡോക്ടറാണ്. ഒരു വർഷം മുൻപാണ് ഡോ. സ്റ്റേസി മാഡിസൺവില്ലെയിൽ മകൾക്കും കുടുംബത്തിനുമൊപ്പം താമസം ആരംഭിച്ചത്.




