മലപ്പുറം: വേങ്ങരയിൽ അതിഥി തൊഴിലാളിയായ യുവാവിനെ സ്വകാര്യ കെട്ടിടത്തിന്റെ മുകളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ഒഡീഷ സ്വദേശിയായ ഇന്ദർ (48) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇന്ദറിനൊപ്പം താമസിച്ചിരുന്ന നാട്ടുകാരനായ പദം ഗദാബയെ പൊലീസ് അറസ്റ്റ് ചെയ്തു.
വേങ്ങര എ.ആർ നഗർ സർവീസ് സഹകരണ ബാങ്കിന് എതിര്‍വശത്തെ കെട്ടിടത്തിന്റെ മുകളിൽ കഴിഞ്ഞ ദിവസം പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. കടുത്ത ചൂടിനെ തുടർന്ന് ഇന്ദർ കഴിഞ്ഞ ദിവസങ്ങളായി കെട്ടിടത്തിന്റെ മുകളിൽ കിടന്നുറങ്ങുകയായിരുന്നുവെന്നായിരുന്നു വിവരം.
സംഭവദിവസം ഇന്ദറും പദം ഗദാബെയും തമ്മിൽ തർക്കമുണ്ടായതായി പൊലീസ് കണ്ടെത്തി. തുടർന്ന് ടെറസിൽ ഉറങ്ങിക്കിടന്ന ഇന്ദറിനെ പ്രതി ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം.
വിരലടയാള വിദഗ്‌ധർ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. വേങ്ങര പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് അധികൃതർ അറിയിച്ചു.




