റിയാദ്: സൗദി അറേബ്യയിൽ വരും മാസങ്ങളിൽ സാധാരണയെക്കാൾ കൂടുതൽ മഴയും ഉയർന്ന താപനിലയും അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലായി രാജ്യത്തിന്റെ പല ഭാഗങ്ങളിലും കാലാവസ്ഥാ വ്യതിയാനം പ്രകടമാകുമെന്നാണ് പുതിയ പ്രവചനം.
ഏപ്രിൽ മാസത്തിൽ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ സാധാരണയേക്കാൾ കൂടുതൽ മഴ ലഭിക്കാമെന്നാണ് റിപ്പോർട്ട്. തബൂക്ക്, മദീന, മക്ക, അസീർ, അൽ ജൗഫ്, ഹാഇൽ, അൽ ഖസീം, വടക്കൻ അതിർത്തി മേഖലകൾ, റിയാദ്, നജ്‌റാൻ, കിഴക്കൻ പ്രവിശ്യ, അൽ ബാഹ, ജിസാൻ എന്നിവിടങ്ങളിലായി വ്യാപകമായി മഴ ലഭിക്കാനാണ് സാധ്യത. ചില പ്രദേശങ്ങളിൽ കനത്തതോ അതിശക്തമായതോ ആയ മഴയ്ക്കും സാധ്യതയുണ്ടെന്നും, പ്രത്യേകിച്ച് ജിസാൻ, അസീർ മേഖലകളിൽ അസാധാരണമായ മഴ ലഭിക്കാമെന്നും മുന്നറിയിപ്പുണ്ട്.
മെയ് മാസത്തിലും മഴ തുടരുമെന്നാണ് പ്രവചനം. അസീർ, ജിസാൻ, അൽ ബാഹ, നജ്‌റാന്റെ പടിഞ്ഞാറൻ മേഖലകൾ, മക്കയുടെ തെക്കും കിഴക്കും ഭാഗങ്ങൾ, റിയാദിന്റെ മധ്യ-പടിഞ്ഞാറൻ മേഖലകൾ എന്നിവിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മറ്റ് പ്രദേശങ്ങളിൽ സാധാരണ അളവിൽ മഴ ലഭിക്കും.
ജൂൺ മാസത്തിൽ ജിസാൻ, പടിഞ്ഞാറൻ അസീർ, അൽ ബാഹയുടെ പടിഞ്ഞാറൻ ഭാഗങ്ങൾ, മക്കയുടെ തെക്കും പടിഞ്ഞാറും മേഖലകൾ എന്നിവിടങ്ങളിൽ മഴ ലഭിക്കാനാണ് സാധ്യത. എന്നാൽ ഈ സമയത്ത് മഴയുടെ തീവ്രത കുറവായിരിക്കുമെന്നും, ലഘുവായതോ മിതമായതോ ആയ മഴയായിരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മറ്റ് പ്രദേശങ്ങളിൽ മഴ സാധാരണ നിലയിൽ തുടരുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.




