കണ്ണൂർ: കോഴിക്കോട് വിമാനത്താവളത്തിൽ ഏകദേശം രണ്ട് കിലോ എംഡിഎംഎയുമായി ഒരാളെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ.) അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണ സ്വദേശി ഹാരിസ് (40) ആണ് പിടിയിലായത്. പിടിച്ചെടുത്ത ലഹരി വസ്തുവിന് ഏകദേശം 1.58 കോടി രൂപ വിലവരുമെന്ന് അധികൃതർ അറിയിച്ചു.
മസ്കറ്റിൽനിന്ന് ഒമാൻ എയർ വിമാനത്തിലാണ് ഹാരിസ് എത്തിയതെന്ന് വിവരമുണ്ട്. ഇയാളുടെ ബാഗേജിലുണ്ടായിരുന്ന ചോക്ലേറ്റുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ കണ്ടെത്തിയത്.
ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട്, കൊച്ചി, കണ്ണൂർ യൂണിറ്റുകളിലെ ഡിആർഐ ഉദ്യോഗസ്ഥർ രണ്ട് സംഘങ്ങളായി വിമാനത്താവളത്തിൽ പരിശോധന നടത്തി. ഒരു സംഘം യാത്രക്കാരെന്ന വ്യാജേന കസ്റ്റംസ് ഹാളിൽ പ്രവേശിച്ച് നിരീക്ഷണം നടത്തി. മറ്റൊരു സംഘം പുറത്തുനിന്ന് കാത്തുനിന്നു. ഹാരിസിനെ പിന്തുടർന്ന സംഘം പിന്നീട് ഇയാളെ കസ്റ്റഡിയിലെടുത്തു.
ഇയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ കരിപ്പൂർ പോലീസ് സ്റ്റേഷനിലെ ഒരു പോലീസുകാരനുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ കണ്ടെത്തിയതായി സൂചന ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിലെ പോലീസ് എയ്ഡ്പോസ്റ്റ് ഡി.ആർ.ഐ. സംഘം വളഞ്ഞ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ കസ്റ്റഡിയിലെടുത്തു. അയാളുടെ കൈവശം ഉണ്ടായിരുന്ന രണ്ട് ഫോണുകളിൽ ഒന്ന് പുറത്തേക്കെറിഞ്ഞതായി ഡിആർഐ അറിയിച്ചു. പിന്നീട് ആ ഫോൺ കണ്ടെത്തുകയും ചെയ്തു. ചോദ്യം ചെയ്തശേഷം പോലീസുകാരനെ നോട്ടീസ് നൽകി വിട്ടയച്ചു.
ലഹരിക്കടത്ത് സംഘങ്ങൾക്ക് പോലീസിൽനിന്ന് രഹസ്യസഹായം ലഭിക്കുന്നതായി ഡിആർഐയ്ക്ക് മുൻപ് തന്നെ സംശയമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് മുൻപുണ്ടായ ചില കേസുകളിലും അന്വേഷണം തുടരുകയാണ്. അതേസമയം, പോലീസുകാരനെതിരെ ഇതുവരെ വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് ഡിആർഐ വ്യക്തമാക്കി. ഫോൺ പരിശോധനയുടെ അടിസ്ഥാനത്തിലാണ് കൂടുതൽ വിവരങ്ങൾ ലഭ്യമാകുക. സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ കരിപ്പൂർ പോലീസ് തയ്യാറായില്ല.




