കോട്ടയം: പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ പയ്യാനിത്തോട്ടത്ത് ഉരുൾപൊട്ടലിൽ അമ്മയും മകനും മരിച്ചു. ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെയുണ്ടായ അതിശക്തമായ ഉരുൾപൊട്ടലിലാണ് പയ്യാനിത്തോട്ടം മണപ്പാട്ട് ജോണിയുടെ ഭാര്യ റെജീനയും മകൻ ജോസഫിനും മരിച്ചത്. കനത്ത മഴയെ തുടർന്ന് വീട് പൂർണമായും തകർന്നു മണ്ണിനും പാറക്കല്ലുകൾക്കും അടിയിൽപ്പെടുകയായിരുന്നു. മണിക്കൂറുകൾ നീണ്ട ദുഷ്കരമായ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
പുലർച്ചെ ഏഴുമണിയോടെ ജോസഫിന്റെ മൃതദേഹം ആദ്യം കണ്ടെത്തി. തുടർന്ന് കോൺക്രീറ്റ് അവശിഷ്ടങ്ങൾ മുറിച്ചുനീക്കി നടത്തിയ അഞ്ച് മണിക്കൂറിലേറെ നീണ്ട തിരച്ചിലിനൊടുവിൽ റെജീനയുടെ മൃതദേഹവും പുറത്തെടുത്തു. ഉരുൾപൊട്ടലിന്റെ ആഘാതത്തിൽ വീട് 10 മുതൽ 12 മീറ്റർ വരെ ഒഴുകിനീങ്ങിയ നിലയിലായിരുന്നുവെന്നും പ്രദേശം പൂർണമായും മണ്ണിനടിയിലായെന്നും അധികൃതർ അറിയിച്ചു.
ദുരന്തസമയത്ത് വീട്ടിൽ റെജീനയും മകൻ ജോസഫിനും മാത്രമാണ് ഉണ്ടായിരുന്നത്. സമീപത്തെ വയോധികന്റെ വീട്ടിൽ രാത്രി കൂട്ടിരിക്കാൻ പോയിരുന്ന ഭർത്താവ് ജോണി ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടു. മറ്റൊരു മകൻ ജോലിസംബന്ധമായി എറണാകുളത്തായിരുന്നു. അഞ്ച് അഗ്നിരക്ഷാ സേനാ യൂണിറ്റുകളും നാല് ജെസിബികളും ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. മഴ തുടരുകയും കൂടുതൽ മണ്ണിടിച്ചിലിന് സാധ്യത നിലനിൽക്കുകയും ചെയ്തതിനാൽ അതീവ ജാഗ്രതയോടെയായിരുന്നു തിരച്ചിൽ.
ഇതിനിടെ, ഇടുക്കി അടൂർമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കാണാതായ സുമതിയുടെ മൃതദേഹം മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തി. രവിയുടെ ഭാര്യയായ സുമതിയുടെ മൃതദേഹം വീട് നിലനിന്ന സ്ഥലത്ത് നിന്ന് ഏകദേശം 500 അടി താഴെ നിന്നാണ് ലഭിച്ചത്. മലമുകളിൽ നിന്ന് കുത്തിയൊലിച്ചെത്തിയ മണ്ണും പാറക്കല്ലുകളും പ്രദേശത്ത് വ്യാപക നാശം വിതച്ചു.
വാഗമൺ കോലാഹലമേട്ടിൽ കനത്ത മണ്ണിടിച്ചിലിൽ വീടിന്റെ ഒരു ഭാഗം തകർന്നുവീണ് പ്രഭാകരൻ നായർ (72) മരിച്ചു. ഒറ്റയ്ക്ക് താമസിച്ചിരുന്ന ലീലാമണിയെ സഹായിക്കാനെത്തിയപ്പോഴാണ് അപകടം സംഭവിച്ചത്. മണ്ണിടിയുന്ന ശബ്ദം കേട്ട് ലീലാമണി മുന്നറിയിപ്പ് നൽകിയെങ്കിലും ശ്രവണപരിമിതി ഉണ്ടായിരുന്നതിനാൽ പ്രഭാകരൻ നായർക്ക് രക്ഷപ്പെടാനായില്ല.




