കുവൈത്ത് സിറ്റി: രാജ്യത്തിന്റെ സുരക്ഷയെ തകർക്കാനും ഭീകര സംഘടനകൾക്ക് ഫണ്ട് എത്തിക്കാനും ലക്ഷ്യമിട്ടിരുന്ന വിപുലമായ ഗൂഢാലോചന കുവൈത്ത് ആഭ്യന്തര മന്ത്രാലയം തകർത്തതായി റിപ്പോർട്ട്. സ്റ്റേറ്റ് സെക്യൂരിറ്റി സർവീസ് നടത്തിയ മിന്നൽ പരിശോധനയിൽ കുവൈത്ത് പൗരന്മാരായ 24 പേർ ഉൾപ്പെട്ട രഹസ്യ സെൽ പിടിയിലായതായി മന്ത്രാലയം അറിയിച്ചു.
പിടിയിലായവരിൽ അടുത്തിടെ പൗരത്വം റദ്ദാക്കിയ ഒരാളും ഉൾപ്പെടുന്നതായി ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കുന്നു. മതപരവും ജീവകാരുണ്യപരവുമായ പ്രവർത്തനങ്ങളുടെ പേരിൽ ജനങ്ങളിൽ നിന്ന് പണം പിരിച്ചെടുത്ത്, അത് നിയമവിരുദ്ധമായി വിദേശത്തേക്ക് കടത്തുകയും ഭീകര പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്തതായാണ് അന്വേഷണ കണ്ടെത്തൽ.
പരിശോധനയ്ക്കിടെ വലിയ തോതിൽ പണവും മറ്റ് ആസ്തികളും സുരക്ഷാ സേന പിടിച്ചെടുത്തിട്ടുണ്ട്. ഈ സംഘവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന എട്ട് കുവൈത്ത് പൗരന്മാർ കൂടി ഇപ്പോഴും ഒളിവിലാണെന്നും, അവർക്കായുള്ള തിരച്ചിൽ തുടരുന്നതായും അധികൃതർ അറിയിച്ചു.
രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടി തുടരുമെന്നും, വിദേശ സ്വാധീനത്തോടെ പ്രവർത്തിക്കുന്ന ഇത്തരം ശൃംഖലകളെ പൂർണമായും ഇല്ലാതാക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പിടിയിലായവരെ കൂടുതൽ ചോദ്യം ചെയ്യലിനായി ബന്ധപ്പെട്ട അന്വേഷണ വിഭാഗങ്ങൾക്ക് കൈമാറിയിട്ടുണ്ട്.




