തിരുവനന്തപുരം: ജോലിസ്ഥലത്ത് അതിക്രമിച്ച് കയറി യുവതിയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മരുതൂർക്കടവ് കുളത്തറ വാഴവിളാകം മേലിട്ടുവീട്ടിൽ ബിനുവിന്റെ മകൻ രാഹുൽ (28) ആണ് കരമന പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 10.45ഓടെയാണ് സംഭവം നടന്നത്. കാലടി വാഴവിളാകം പ്രദേശത്തെ സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ് ഗേൾ ആയി ജോലി ചെയ്യുന്ന യുവതിക്കുനേരെയായിരുന്നു ആക്രമണമെന്ന് പൊലീസ് പറഞ്ഞു.
മുൻവൈരാഗ്യത്തെ തുടർന്ന് സ്ഥാപനത്തിന് മുന്നിലെത്തിയ പ്രതി യുവതിയെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പൊലീസ് വ്യക്തമാക്കി. ബഹളം വെച്ചതോടെ സ്ഥലത്ത് നിന്ന് പോകാൻ യുവതി ആവശ്യപ്പെട്ടതിനെ തുടർന്ന് പ്രതി കമ്പിവടിയുമായി സ്ഥാപനത്തിനുള്ളിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു.
തുടർന്ന് യുവതിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് തള്ളിയിട്ട പ്രതി കമ്പിവടി വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതായാണ് പൊലീസ് പറയുന്നത്.
കരമന പൊലീസ് സ്റ്റേഷനിലെ റൗഡി ഹിസ്റ്ററി ഷീറ്റിൽ ഉൾപ്പെട്ടിരിക്കുന്ന കുപ്രസിദ്ധ കുറ്റവാളിയാണ് അറസ്റ്റിലായ രാഹുൽ. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ കരമന പൊലീസ് തന്ത്രപരമായി പിടികൂടുകയായിരുന്നു.
അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.






