കൊച്ചി: കൊച്ചി കിൻഡർ ആശുപത്രിയിൽ നവജാത ശിശു മരിച്ചത് ചികിത്സാ പിഴവിനെ തുടർന്നാണെന്ന് ഡിഎംഒ റിപ്പോർട്ട്. പ്രസവത്തിലും കുഞ്ഞിന്റെ പരിചരണത്തിലും ഗുരുതരമായ വീഴ്ചകൾ സംഭവിച്ചതായി റിപ്പോർട്ടിൽ പറയുന്നു. കുഞ്ഞ് ജനിച്ചതിന് മണിക്കൂറുകൾക്കുശേഷമാണ് വെന്റിലേറ്റർ സൗകര്യം ഒരുക്കിയത്. അതും പ്രവർത്തനക്ഷമമല്ലാത്ത വെന്റിലേറ്ററിലാണ് ഏകദേശം രണ്ട് മണിക്കൂറോളം കുഞ്ഞിനെ കിടത്തിയതെന്നും അന്വേഷണത്തിൽ കണ്ടെത്തി.
പ്രസവത്തിന് ശേഷം നവജാത ശിശുവിന് നൽകേണ്ട ആവശ്യമായ ചികിത്സകൾ നൽകിയില്ലെന്നും, ആവശ്യമായിരുന്നെങ്കിലും ശസ്ത്രക്രിയ നടത്താത്തതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ആശുപത്രി രേഖകളിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. റൊമാരിയോ അലീന ദമ്പതികളുടെ കുഞ്ഞാണ് ഫെബ്രുവരി 26ന് ജനിച്ച ദിവസം തന്നെ മരിച്ചത്.
കേസിൽ ബാലാവകാശ കമ്മീഷൻ ഇടപെട്ടിട്ടുണ്ട്. 90 ദിവസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. അതേസമയം ദമ്പതികൾ പൊലീസിനെയും സമീപിക്കാൻ ഒരുങ്ങുകയാണ്.






