ന്യൂഡൽഹി: കേസുകളുടെ വിധി പ്രസ്താവന വൈകുന്നത് ഒഴിവാക്കാൻ ഹൈക്കോടതികൾക്ക് സുപ്രധാന നിർദേശവുമായി സുപ്രീം കോടതി. വാദം കേൾക്കൽ പൂർത്തിയായാൽ മൂന്ന് മാസത്തിനുള്ളിൽ വിധി പ്രസ്താവിക്കണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.
വ്യക്തി സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കേസുകളിൽ ഇതിലും വേഗത്തിൽ വിധി പ്രസ്താവിക്കണമെന്നും കോടതി വ്യക്തമാക്കി. നിശ്ചിത സമയത്തിനുള്ളിൽ വിധി പ്രസ്താവിക്കാത്ത പക്ഷം രജിസ്ട്രാർ വിഷയത്തെ ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽപ്പെടുത്തണം. ആവശ്യമായാൽ ചീഫ് ജസ്റ്റിസ് രണ്ടാഴ്ച അധിക സമയം അനുവദിക്കാമെന്നും, അതിനുശേഷവും വിധി വരാത്ത പക്ഷം കേസ് മറ്റൊരു ബെഞ്ചിന് നൽകാമെന്നും സുപ്രീംകോടതി പറഞ്ഞു.
ജാമ്യ ഹർജികളിൽ വാദം കേട്ട ദിവസം തന്നെ അല്ലെങ്കിൽ അടുത്ത ദിവസം വിധി പ്രസ്താവിക്കണം എന്നും നിർദേശമുണ്ട്. വിധി വന്നാൽ ഉടൻ ജയിൽ അധികൃതരെ അറിയിക്കണമെന്നും, ആവശ്യമായാൽ തടവുകാരെ അന്നുതന്നെ മോചിപ്പിക്കണമെന്നും കോടതി പറഞ്ഞു.
കൂടാതെ, കേസുകളുടെ വിധിയുടെ പ്രധാന ഭാഗം തുറന്ന കോടതിയിൽ തന്നെ പ്രസ്താവിക്കാം. വിശദമായ വിധി ഏഴ് ദിവസത്തിനുള്ളിൽ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യണമെന്നും സുപ്രീംകോടതി നിർദേശിച്ചു. 30 ദിവസത്തിനുള്ളിൽ വിധി അപ്‌ലോഡ് ചെയ്യാത്ത പക്ഷം കേസ് മറ്റൊരു ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്യാമെന്നും കോടതി വ്യക്തമാക്കി.






