ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പോലീസ് വെടിവെച്ച് കൊന്നു. ‘ഛോട്ടു’ എന്നറിയപ്പെടുന്ന ജസീമാണ് കൊല്ലപ്പെട്ടത്. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടുന്നതിനിടെ ഏറ്റുമുട്ടലുണ്ടായതായി പോലീസ് അറിയിച്ചു. ഈ സമയം പ്രതി പോലീസ് സംഘത്തിന് നേരെ വെടിയുതിർന്നതായും, തുടർന്ന് തിരിച്ചുവെടിവെയ്പ്പിൽ ഇയാൾ കൊല്ലപ്പെട്ടതായും അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ രണ്ട് കോൺസ്റ്റബിൾമാർക്ക് പരിക്കേറ്റിട്ടുണ്ട്.
മരുമകളായ നാലുവയസുകാരിയെ മിഠായി നൽകി പീഡിപ്പിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായാണ് കേസ്. ശേഷം മൃതദേഹം ഷാലിമാർ ഗാർഡനിലെ ഒരു കാറിന് അടിയിൽ ഒളിപ്പിച്ചതായും പോലീസ് പറയുന്നു. കുട്ടിയുമായി പ്രതി നടക്കുന്നത് കാണിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതിനെ തുടർന്ന് അന്വേഷണം ശക്തമാക്കിയിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടൽ നടന്നത്.




