കോഴിക്കോട്: ചെറുവണ്ണൂരില്‍ കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവം ആത്മഹത്യയാകാമെന്ന നിഗമനത്തിലെത്തി പൊലീസ്. കാർ കത്തിയതിൽ സോനയുടെ ഭർത്താവ് രജിൻലാലിന് പങ്കില്ലെന്നാണ് പ്രാഥമിക നിഗമനം. രജിനുമായുള്ള വാക്കുതർക്കത്തെ തുടർന്ന് മനംനൊന്ത് സോന ആത്മഹത്യ ചെയ്തിരിക്കാമെന്നാണ് സൂചന. ഇതേദിവസം വൈകിട്ട് സഹോദരിക്കൊപ്പം പേരാമ്പ്രയിൽ എത്തിയ സോന കന്നാസിൽ പെട്രോൾ വാങ്ങിയിരുന്നു എന്നാണ് പൊലീസ് പറയുന്നത്. മരണത്തിന് തൊട്ട് മുൻപും താൻ അനുഭവിച്ച പീഡനങ്ങൾ സഹോദരിയോട് സോന പങ്കുവെച്ചിരുന്നു.
വെള്ളിയാഴ്ച്ച രാത്രി ഒൻപത് മണിയോടെ ബന്ധുവീട്ടിൽനിന്ന് രജിൻലാലിനൊപ്പം വീട്ടിലേക്ക് പോകുന്നവഴിയാണ് അപകടം ഉണ്ടാകുന്നത്. കാർ കത്തിയത് ഷോർട് സർട്ട്ക്യൂട്ട് മൂലമല്ലെന്ന് കണ്ടെത്തിയതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സോന പെട്രോൾ വാങ്ങിയതായി പൊലീസിന് വിവരം ലഭിക്കുന്നത്. രജിൻലാലിന്റെ മൊഴിയിലും കാറിനുള്ളിൽ പെട്രോളിൻ്റെ ഗന്ധം ഉണ്ടായിരുന്നെന്ന് പറയുന്നുണ്ട്.




