കോഴിക്കോട്: പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി ആരംഭിച്ചതോടെ കെഎസ്ആർടിസി ഓർഡിനറി സർവീസുകളിൽ ജോലിഭാരം ഗണ്യമായി വർധിച്ചതായി ജീവനക്കാർ. സ്ത്രീ യാത്രക്കാരുടെ എണ്ണം കൂടിയതിനെ തുടർന്ന് ബസുകൾ അതിരൂക്ഷമായി തിരക്കിലാകുന്ന സാഹചര്യമാണെന്നും ജീവനക്കാർ പറയുന്നു. വിഷയത്തിൽ സിഐടിയു ശക്തമായ ആശങ്ക രേഖപ്പെടുത്തി.
ഓർഡിനറി ബസുകളുടെ റണ്ണിംഗ് ടൈം 15 മുതൽ 30 മിനിറ്റ് വരെ വർധിച്ചിട്ടുണ്ട്. ഇതോടെ ഒരു ദിവസത്തെ ഷെഡ്യൂൾ പൂർത്തിയാക്കുമ്പോൾ ജീവനക്കാർക്ക് ഒന്നര ദിവസത്തെ ഡ്യൂട്ടി സമ്മർദ്ദം നേരിടേണ്ടിവരുന്ന സാഹചര്യമാമാണെന്ന് കെഎസ്ആർടിഇഎ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് റഷീദ് പി പറഞ്ഞു.
64 പേർക്ക് മാത്രം അനുമതിയുള്ള ബസുകളിൽ 140-ലധികം യാത്രക്കാരെ കുത്തിനിറച്ചുപോലെ യാത്ര ചെയ്യേണ്ട സാഹചര്യമാണെന്നും ജീവനക്കാർ ആരോപിക്കുന്നു. പഴക്കമുള്ള ബസുകളിൽ ഈ തിരക്ക് കൂടുതൽ അപകടസാധ്യത ഉണ്ടാക്കുന്നുവെന്നും അവർ പറയുന്നു.
തിരക്കിനിടയിൽ ടിക്കറ്റ് നൽകാൻ കഴിയാതെ പോകുന്ന സാഹചര്യം കണ്ടക്ടർമാർക്ക് പിഴ ചുമത്തുന്ന നിലയിലേക്ക് എത്തുന്നുവെന്നും ഇത് വലിയ പ്രതിസന്ധിയാണെന്നും ജീവനക്കാർ വ്യക്തമാക്കുന്നു. കൂടാതെ, അമിതഭാരം കാരണം അപകടങ്ങൾ സംഭവിച്ചാലും ഉത്തരവാദിത്വം ജീവനക്കാരുടെ മേൽ ചുമത്തപ്പെടുന്ന സാഹചര്യമുണ്ടെന്നും അവർ ആരോപിക്കുന്നു.
പഴയ ബസുകളുടെ മാനുവൽ ഡോർ സംവിധാനം വലിയ അപകടഭീഷണിയാണെന്നും, ചുരം പ്രദേശങ്ങളിൽ ബ്രേക്ക് ലൈനർ ചൂടേറ്റ് അപകട സാധ്യത വർധിക്കുന്നുവെന്നും ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. വിഷയത്തിൽ കെഎസ്ആർടിസി സിഎംഡിക്ക് ഔദ്യോഗികമായി കത്ത് നൽകുമെന്ന് സിഐടിയു അറിയിച്ചു.


