പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കി പ്രത്യേക അന്വേഷണസംഘം.
കേസിലെ മുഖ്യപ്രതിയും സൂത്രധാരനുമായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഉടന്‍ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്യും. ഹൈദരാബാദിലേക്ക് നേരിട്ടെത്തിയുള്ള അന്വേഷണത്തിനാണ് കൂടുതല്‍ സാധ്യത.
ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്ത് അനന്ത സുബ്രമണ്യം ശബരിമലയില്‍ നിന്നും ബാംഗ്ലൂര്‍ എത്തിച്ച സ്വര്‍ണപ്പാളി ഏറിയ ദിവസം സൂക്ഷിച്ചത് ഹൈദരാബാദിലാണ് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒയുടെ ഉടമസ്ഥതയില്‍ എന്ന് സംശയിക്കുന്ന ഹൈദരാബാദിലെ സ്ഥാപനത്തിലും അന്വേഷണം നടത്തും.
സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിലവില്‍ നടത്തിയ പരിശോധനയില്‍ ഫയലുകള്‍ കണ്ടെത്താന്‍ ആയിട്ടില്ല.
സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ ഇടപാടുകളിലെ ദുരൂഹത സംശയിക്കുന്ന അന്വേഷണസംഘം തുടര്‍ അന്വേഷണത്തില്‍ സ്ഥാപന അധികാരികളെയും പ്രതിചേര്‍ക്കാന്‍ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്നവിവരം.
ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍വ്വീസില്‍ ഉള്ളവരും വിരമിച്ചവരുമായ ഉദ്യോഗസ്ഥര്‍ക്കെതിരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇതിനകം ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ട്.
കൂടുതല്‍ പേര്‍ക്കെതിരായ നടപടികള്‍ കൈക്കൊള്ളുമെന്ന് ദേവസ്വം പ്രസിഡന്റ്‌റ് പി എസ് പ്രശാന്ത് വ്യക്തമാക്കിയിരുന്നു.അതേസമയം, ശബരിമലയിലെ യോഗ ദണ്ഡ് സ്വര്‍ണം കെട്ടിച്ചതും പ്രത്യേക സംഘം അന്വേഷിക്കും.




