ആലപ്പുഴ: പാമ്പ് കടിച്ച് 42 കാരി മരിച്ച സംഭവത്തില്‍ കായംകുളം താലൂക്ക് ആശുപത്രിക്കെതിരെ വിമർശനവുമായി ജി സുധാകരന്‍. അനാസ്ഥ മൂലം നഷ്ടപ്പെട്ടത് ഒരു മനുഷ്യ ജീവനാണ്. ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരവീഴ്ചയാണെന്ന് അദ്ദേഹം ആരോപിച്ചു. ആശുപത്രിയില്‍ ആന്റിവെനം ഇല്ലെന്നാണ് ബന്ധുക്കളോട് ഡോക്ടര്‍ പറഞ്ഞത്. പാമ്പ് കടിച്ചോ എന്ന് മനസ്സിലാക്കാന്‍ പോലും ആശുപത്രി അധികൃതർക്ക് കഴിഞ്ഞിട്ടില്ലെന്നും സുധാകരൻ കുറ്റപ്പെടുത്തി. പാമ്പ് കടിച്ചോ എന്ന് പാമ്പ് വന്ന് പറയണോ എന്നും ജി സുധാകരൻ പരിഹസിച്ചു.
കായംകുളം ചേരാവള്ളി സ്വദശിനി സലീന യാണ് കഴിഞ്ഞ ദിവസം മരിച്ചത്. ബന്ധുവിന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു സലീന. സൽക്കാരത്തിൽ പങ്കെടുത്ത ശേഷം വാഹനമെടുക്കാൻ പോകുമ്പോഴാണ് പാമ്പുകടിയേറ്റത്. സംഭവത്തില്‍ കായംകുളം താലൂക്ക് ആശുപത്രിക്കെതിരെ അന്വേഷണം വേണമെന്നും ജി സുധാകരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.




