കൊല്ലം: വൈദ്യുതാഘാതമേറ്റ് വിദ്യാർഥിക്ക് ദാരുണാന്ത്യം. കൊടുവിള കൊച്ചുപ്ലാമൂട് ആദിഭവനിൽ രതീഷിന്റെയും അമൃതയുടെയും മകൻ ആദിദേവ് (12) ആണ് വൈദ്യുതാഘാതമേറ്റ് മരിച്ചത്. വ്യാഴാഴ്ച രാവിലെ പത്തുമണിയോടെയാണ് സംഭവം.
സംഭവസമയത്ത് വീട്ടിൽ സഹോദരി ആർദ്ര മാത്രമായിരുന്നു ഉണ്ടായിരുന്നത്. സഹോദരനെ അന്വേഷിച്ചെത്തിയ ആർദ്ര, വീടിനോട് ചേർന്ന ഷെഡിനുള്ളിൽ തയ്യൽ മെഷീനിനരികിൽ പൊള്ളലേറ്റ് അബോധാവസ്ഥയിൽ കിടന്ന ആദിദേവിനെ കണ്ടെത്തി. ആർദ്രയുടെ കരച്ചിൽ കേട്ട് എത്തിയ നാട്ടുകാർ ഉടൻ കുണ്ടറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കോൺക്രീറ്റ് കരാറുകാരനായ രതീഷിന്റെ മകനാണ് ആദിദേവ്. ഷെഡിൽ സൂക്ഷിച്ചിരുന്ന തകരാറിലായ വൈബ്രേറ്റർ മെഷീനാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തയ്യൽ മെഷീൻ മേശപ്പുറത്ത് പ്ലഗ്ഗിൽ ഘടിപ്പിച്ച് സ്വിച്ച് ഓൺ ചെയ്ത നിലയിലായിരുന്നു വൈബ്രേറ്റർ. ഇത് പ്രവർത്തിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വൈദ്യുതാഘാതമേറ്റതെന്നാണ് കരുതുന്നത്. തയ്യൽ മെഷീനിലേക്കും വൈദ്യുതി പ്രവഹിച്ചിരുന്നതായി സൂചനയുണ്ട്.




