അടിയൊഴുക്കുകളും കാലുവാരലുകളും കുതികാല്‍വെട്ടുകളുമെല്ലാം ഇതിനോടകം വേണ്ടുവോളം കണ്ടുകഴിഞ്ഞ ഒരു പ്രചരണ കാലമാണ് ഇത്തവണ കടന്നുപോയിരിക്കുന്നത്. എക്കാലത്തേയും പോലെ കോണ്‍ഗ്രസിനകത്ത് തന്നെയായിരുന്നു ഇത്തവണയും ഈ കലാരൂപങ്ങളിലേറെയും അരങ്ങേറിയത്. അക്കൂട്ടത്തില്‍ രാഷ്ട്രീയ സമവാക്യങ്ങളെ പോലും മാറ്റിമറിക്കാന്‍ കെല്‍പ്പുണ്ടായിരുന്നൊരു സാഹചര്യമായിരുന്നു കോണ്‍ഗ്രസ് അതികായനായ കെ സുധാകരന്‍ സൃഷ്ടിച്ചത്. സീറ്റ് വിവാദവും അതിന് പിന്നാലെ നടന്ന കോലാഹലങ്ങളും നാടകങ്ങളുമെല്ലാം രണ്ടാഴ്ച്ചയോളം കേരള രാഷ്ട്രീയത്തെ മുള്‍മുനയില്‍ നിര്‍ത്തെയന്ന് വേണമെങ്കില്‍ പറയാം.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കെ സുധാകരന്‍ എത്രത്തോളം ആഗ്രഹിച്ചിരുന്നുവെന്ന് പലപ്പോഴായുള്ള അദ്ദേഹത്തിന്റെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. കണ്ണൂരില്‍ താന്‍ മത്സരിക്കുമെന്ന് വളരെ നേരത്തേ തന്നെ സ്വയം പ്രഖ്യാപിക്കുകയും ചെയ്തതാണ് അദ്ദേഹം. എന്നാല്‍ പാര്‍ട്ടിയുടെ പദ്ധതികള്‍ അതല്ലായിരുന്നു. എംപിമാര്‍ മത്സരിക്കേണ്ടെന്ന നിലപാടില്‍ പാര്‍ട്ടി ഉറച്ചു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് ഈ നിലപാടില്‍ ഏറ്റവും കൂടുതല്‍ കടുംപിടുത്തം പിടിച്ച നേതാക്കന്മാരിലൊരാള്‍. മത്സരിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ വലിയ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് കോണ്‍ഗ്രസ് സംസ്ഥാന, ദേശീയ നേതൃത്വത്തെ വരെ വെല്ലുവിളിച്ച കെ സുധാകരന്‍, എംപിമാര്‍ മത്സരിക്കേണ്ടെന്ന നേതൃത്വത്തിന്റെ നിലപാടില്‍ രോഷാകുലനായി ഡല്‍ഹിയില്‍ നിന്ന് തിരിച്ചുവരുന്ന സാഹചര്യവുമുണ്ടായി.
ഇതിനെല്ലാം കാരണം താന്‍ തന്നെ കൊണ്ടുനടന്ന് വളര്‍ത്തിയെടുത്ത തന്റെ ശിഷ്യനായ ഇപ്പോഴത്തെ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫാണെന്ന് ഉറച്ച് വിശ്വസിക്കുന്നയാളാണ് കെ സുധാകരന്‍. പിന്നീട് പാര്‍ട്ടിയുടെ മുഖം രക്ഷിക്കാന്‍ പലപ്പോഴായി സമവായ പ്രസ്താവനകള്‍ അദ്ദേഹം നടത്തിയെങ്കിലും ഇപ്പോഴും സുധാകരന്റെയുള്ളിലെ മുറിവായി കിടക്കുന്ന ഒന്നാണ് സണ്ണി ജോസഫിന്റെ ഈ തിരിഞ്ഞുകൊത്തല്‍. ഇക്കാര്യം ഏറ്റവും നന്നായി അറിയാവുന്നവരും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണ്. കണ്ണൂര്‍ കോണ്‍ഗ്രസിന്റെ അവസാന വാക്കായ സുധാകരനെ പിണക്കിയാല്‍ തങ്ങളുടെ കോട്ടയായ പേരാവൂരില്‍ കെപിസിസി അധ്യക്ഷന്റെ തോല്‍വി പോലും കാണേണ്ടി വരുമെന്ന ബോധ്യവും നേതൃത്വത്തിനുണ്ട്.
നേതൃത്വത്തിന്റെ തീരുമാവുമായി സഹകരിക്കണമെന്നായിരുന്നു സുധാകരനോട് സണ്ണി ജോസഫ് ആവശ്യപ്പെട്ടത്. ഇത് കേട്ടതോടെ കോപാകുലനായ സുധാകരന്‍ സണ്ണി ജോസഫിനോട് പൊട്ടിത്തെറിച്ചു. താന്‍ വിചാരിച്ചാല്‍ പേരാവൂരില്‍ സണ്ണി ജോസഫ് ഉള്‍പ്പടെയുള്ളവര്‍ തോല്‍ക്കുമെന്ന് ഭീഷണിപ്പെടുത്തി. കഴിഞ്ഞതവണ ചില്ലറവോട്ടിനാണ് ജയിച്ചുകയറിയതെന്ന കാര്യം മറക്കരുത്, ഇക്കുറി കളി മാറും എന്ന സുധാകരന്റെ ഭീഷണി ഇപ്പോഴും കോണ്‍ഗ്രസിന് ആശങ്ക നല്‍കുന്നുണ്ട്. പേരാവൂരില്‍ കെകെ ശൈലജ എതിരാളിയായി വന്നതോടെ ആ ഭയത്തിന് ആക്കവും കൂടി. ശൈലജയുടെ ടീച്ചര്‍ തരംഗവും വമ്പിച്ച ജനകീയതയും ഒപ്പം കെ സുധാകരന്റെ പകയും കൂടി ചേര്‍ന്നാല്‍ സണ്ണി ജോസഫിന്റെ നില പരുങ്ങലിലാകും എന്ന കാര്യം വ്യക്തം.
പേരാവൂരില്‍ മാത്രമല്ല ഈ ആശങ്ക. സുധാകരന്‍ മത്സരിക്കാനാഗ്രഹിച്ച കണ്ണൂര്‍ മണ്ഡലത്തിലും ടിഒ മോഹനനും പരാജയ ഭീതി നേരിടുന്നുണ്ട്. സുധാകരന്റെ തട്ടകമായ കണ്ണൂരില്‍ ഇപ്പോഴും അദ്ദേഹം പറഞ്ഞാല്‍ എന്തിനും തയ്യാറായ വലിയൊരു കൂട്ടം പ്രവര്‍ത്തകരുണ്ട് എന്നത് കുറച്ചൊന്നുമാകില്ല നേതൃത്വത്തെ കുഴപ്പിക്കുന്നത്. അതിനാല്‍ തന്നെ സുധാകരന്റെ മനസില്‍ എന്താണെന്ന് അനുസരിച്ചിരിക്കും കണ്ണൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ ഭാവി.
അതിനിടെയാണ് തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ കണ്ണൂര്‍ കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിരോധത്തിലേക്ക് തള്ളിയിട്ട് പുതിയൊരു വെളിപ്പെടുത്തല്‍ കൂടി വന്നിരിക്കുന്നത്. കെ സുധാകരനെ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ സണ്ണി ജോസഫ് ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്ന് സുധാകരന്റെ വിശ്വസ്തനും ന്യൂനപക്ഷ കോണ്‍ഗ്രസിന്റെ മുന്‍ ജില്ലാ പ്രസിഡന്റുമായ കെ ആര്‍ അബ്ദുള്‍ ഖാദറാണ്. സുധാകരനെ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ ആസൂത്രിത ഗൂഢാലോചന നടത്തിയത് സണ്ണി ജോസഫാണെന്ന് അബ്ദുള്‍ ഖാദര്‍ ആരോപിച്ചു. ചര്‍ച്ചയ്ക്ക് വേണ്ടി ഡല്‍ഹിയില്‍ കൊണ്ടുപോയി സുധാകരനെ നാണംകെടുത്തിയെന്ന ബോംബും അദ്ദേഹം പൊട്ടിച്ചുകഴിഞ്ഞു.
നിയമസഭയാണ് താത്പര്യം എന്നറിയിച്ച കെ സുധാകരനെ സണ്ണി ജോസഫ് ഇടപെട്ടാണ് മത്സരത്തിനിറക്കിയത്. അരോഗ്യ പ്രശ്നങ്ങള്‍ നേരിട്ട സമയത്ത്, നിര്‍ബന്ധിച്ച് മത്സരിപ്പിച്ചു. അദ്ദേഹത്തെ കൊല്ലണമെന്ന ഉദ്ദേശത്തോടുകൂടിയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചത്. സുധാകരേട്ടനെ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ ഗൂഢാലോചന നടന്നു. മുസ്ലിം സമുദായത്തില്‍നിന്ന് ആരും കണ്ണൂരിലെ കോണ്‍ഗ്രസിന്റെ നേതൃനിരയില്‍ ഉണ്ടാകരുതെന്ന ഗൂഢാലോചന പണ്ടേയുണ്ട്. മുസ്സിം സമുദായത്തില്‍നിന്നുള്ളവരെ കേസില്‍കുടുക്കുകയോ രക്തസാക്ഷിയാക്കുകയോ ചെയ്യും. ഇതിന് പിന്നില്‍നിന്ന് കളിക്കുന്നത് സണ്ണി ജോസഫാണ്. സുധാകരനെ ചതിച്ച സണ്ണി ജോസഫിനെ വിജയിപ്പിക്കരുതെന്ന് പേരാവൂരിലെ കോണ്‍ഗ്രസുകാര്‍ മനസിലാക്കിയിട്ടുണ്ട്. ഈ ചതി കോണ്‍ഗ്രസുകാര്‍ സഹിക്കില്ല, സണ്ണി ജോസഫിനെ ഉറപ്പായും തോല്‍പ്പിച്ചിരിക്കും എന്നിങ്ങനെയായിരുന്നു അബ്ദുള്‍ ഖാദറിന്റെ പരാമര്‍ശം. ഇതോടുകൂടി അല്ലെങ്കിലേ ദുര്‍ബല, ഇപ്പോള്‍ ഗര്‍ഭിണിയും എന്ന അവസ്ഥയില്‍ നിന്നിരുന്ന കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രതിരോധത്തിന്റെ പടുകുഴിയിലേക്ക് വീണിരിക്കുകയാണ്.
എന്തായാലും സുധാകരന്റെ പ്രതികാരം പേരാവൂരില്‍ സണ്ണി ജോസഫിനേയും കണ്ണൂരില്‍ ടിഒ മോഹനനേയും തോല്‍പ്പിക്കുമോ അല്ലെങ്കില്‍ ഇതിനെയെല്ലാം പ്രതിരോധിച്ച് കണ്ണൂരില്‍ ജില്ലയില്‍ സുധാകരന്റെ ആധിപത്യത്തിന് മേല്‍ പറക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുമോ എന്നെല്ലാം അറിയാന്‍ ദിവസങ്ങള്‍ മാത്രം കാത്തിരുന്നാല്‍ മതി.




