തിരുവനന്തപുരം: നിയമസഭാ സത്യപ്രതിജ്ഞാ ചടങ്ങിൽ പേരുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ പ്രതികരണവുമായി സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി. മുഖ്യമന്ത്രിയായി അധികാരമേൽക്കുന്ന സത്യപ്രതിജ്ഞയിൽ വി ഡി സതീശതന്റെ പേര് വായിച്ചത് “വടശ്ശേരി ദാമോദര മേനോൻ സതീശൻ” എന്ന് വായിച്ചത് സോഷ്യൽ മീഡിയയിൽ ചർച്ചയായി. ഇതോടെ അച്ഛന്റെ മുഴുവൻ പേര് ഉൾപ്പെടുത്തുന്നത് ശരിയാണോ എന്ന വിഷയത്തിൽ ചർച്ചകൾ ശക്തമായി.
ചിലർ അച്ഛന്റെ മുഴുവൻ പേര് പറയുന്നതിൽ തെറ്റില്ലെന്ന് വാദിക്കുമ്പോൾ, മറ്റുചിലർ ജാതിപ്പേർ ഒഴിവാക്കാമായിരുന്നുവെന്ന് വിമർശിച്ചു. കോൺഗ്രസിലെ യുവ നേതാവ് ജിന്റോ ജോണും വിഷയത്തിൽ വിമർശനവുമായി രംഗത്തെത്തി. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നൽകുമ്പോൾ മുഖ്യമന്ത്രി, സത്യപ്രതിജ്ഞയിൽ സ്വന്തം പേരും അച്ഛന്റെ പേരും പറയുന്നതിൽ തെറ്റില്ലെന്നും അത് സ്വാഭാവിക നടപടിയാണെന്നും വ്യക്തമാക്കിയിരുന്നു.
ഇപ്പോഴിതാ ഈ വിഷയത്തിൽ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ച ശ്രീകുമാരൻ തമ്പി, ജിൻറോ ജോണിന്റെ വിമർശനത്തെ പരാമർശിച്ച് തന്റെ അഭിപ്രായം രേഖപ്പെടുത്തി. വിവാദം സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായ ചർച്ചയ്ക്കാണ് വഴിവെച്ചിരിക്കുന്നത്.
ശ്രീകുമാരന്‍ തമ്പിയുടെ കുറിപ്പ്
സത്യപ്രതിജ്ഞാ വേളയിൽ മുഖ്യമന്ത്രി ശ്രീ. വി ഡി സതീശൻ തന്റെ പിതാവിന്റെ പൂർണ്ണമായ പേര് പറഞ്ഞതിൽ ഒരു യുവ നേതാവ് ദു:ഖം രേഖപ്പെടുത്തുന്നതായി കണ്ടു. ഒരു വ്യക്തി തന്റെ നിയമപരമായ ചടങ്ങുകളിലും ഔദ്യോഗിക രേഖകൾ തയാറാക്കുമ്പോഴും ആ വ്യക്തിയുടെ ഇൻഷ്യലിൽ ഉൾപ്പെട്ട പൂർണ്ണമായ പേര് രേഖപ്പെടുത്തുന്നത് സ്വാഭാവികമാണ്. ഇന്നത്തെ പത്രസമ്മേളനത്തിൽ ആ വിഷയത്തെ പറ്റിയുള്ള ചോദ്യത്തിന് വികാരപരമായ മറുപടി മുഖ്യമന്ത്രി ശ്രീ. വി ഡി സതീശൻ നൽകുന്നത് കേൾക്കുകയും ചെയ്തു.
ഞാൻ ഉൾപ്പെടെയുള്ളവർ പറയാൻ ആഗ്രഹിച്ച കാര്യമാണ് അദ്ദേഹം ഇന്ന് മറുപടിയായി നൽകിയത്. ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും ശുഭകരവും സ്വപ്നതുല്യവുമായ ഒരു മുഹൂർത്തത്തിൽ തന്റെ പിതാവിന്റെ പൂർണ്ണമായ പേര് പറയുന്നത് ആ വ്യക്തിക്കും അദ്ദേഹത്തിന്റെ പിതാവിനും അഭിമാനകരമാണ്. സ്വന്തം പിതാവിന്റെ പേരിൽ അഭിമാനിക്കുന്ന ഒരു പുത്രന്റെ കടമയാണ് അതെന്നു ഞാൻ വിശ്വസിക്കുന്നു.
ഞാൻ ഇപ്പോൾ വായിക്കുന്നത് ശ്രീ. വി ഡി സതീശൻ എഴുതിയ “ആദം നീ എവിടെയാകുന്നു?” എന്ന പുസ്തകമാണ്. ക്രിസ്തുവിന്റെ സഹനത്തെയും ത്യാഗത്തെയും ക്ഷമാശീലത്തെയും പ്രകീർത്തിച്ചുകൊണ്ട് വിവിധ ക്രിസ്തുമത സമ്മേളനങ്ങളിൽ ശ്രീ. വി ഡി സതീശൻ നടത്തിയ പ്രഭാഷണങ്ങളുടെ സമാഹാരമാണ് ഈ കൃതി. നല്ലൊരു വായനക്കാരൻ കൂടിയായ അദ്ദേഹം ബൈബിൾ വായനയിലൂടെ സായത്തമാക്കിയ യേശുക്രിസ്തുവിന്റെ ദർശനങ്ങൾ, ചിന്തകൾ, ലോകക്രമത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ ഒക്കെ തന്നെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ടെന്നു പറയുന്നു.
ജീവിതത്തിൽ വീഴാതെ, പിന്തിരിഞ്ഞോടാതെ പിടിച്ചുനിൽക്കാനുള്ള ആത്മവിശ്വാസമാണ് യേശുക്രിസ്തു തനിക്ക് തന്നിട്ടുള്ളതെന്ന് അദ്ദേഹം സമ്മതിക്കുന്നു. ഡി സി ബുക്ക്സ് ആണ് ഈ കൃതി പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആദ്യപതിപ്പ് ഒരു മാസം കൊണ്ടു വിറ്റഴിഞ്ഞു. രണ്ടാം പതിപ്പാണ് ഞാൻ വായിച്ചു കൊണ്ടിരിക്കുന്നത്.






