കോട്ടയം : മറവൻതുരുത്തിൽ ജില്ലാ പഞ്ചായത്തിന്റെ ബഹുവർഷ പദ്ധതിയായി 2019-20ൽ ഏഴുലക്ഷം രൂപയും, 20-21-ൽ പത്തു ലക്ഷം രൂപയുമാണ് ഉപയോഗിച്ച് നിർമിച്ച വൃദ്ധ വിശ്രമ കേന്ദ്രം ഇപ്പോൾ ഉപയോഗിക്കാൻ കഴിയാതെ കിടക്കുന്നു. ലക്ഷംവീട് നഗറിലെ കുടുംബങ്ങൾക്കുള്ള പൊതുസ്ഥലതാണ് കെട്ടിട നിർമാണം ആരംഭിച്ചത്. ആദ്യഘട്ടത്തിൽ കെട്ടിടത്തിന്റെ ഘടന നിർമിച്ചു.
അതിനു ശേഷം ബാക്കിയുള്ള നിർമാണ പ്രവർത്തനങ്ങൾ നിലച്ചു. കാഴ്ചപ്പാടില്ലാതെ വൃദ്ധവിശ്രമകേന്ദ്രം പണിതത് ജനങ്ങൾക്ക് ദുരിതമായി. മറവൻതുരുത്ത് പഞ്ചായത്തിൽ മുപ്പത്തിരണ്ടു വീടുകളുള്ള കുളങ്ങര ലക്ഷംവീട് നഗറിലെ വൃദ്ധ വിശ്രമകേന്ദ്രമാണ് പ്രദേശവാസികളെ ബുദ്ധിമുട്ടിലാക്കിയത്. മഴക്കാലത്ത് വെള്ളം കയറുന്ന പ്രദേശമെന്നനിലയിൽ ഉയർന്ന തൂണുകളിലാണ് കെട്ടിടത്തിന്റെ തറ കോൺക്രീറ്റ് ചെയ്തത്.
ഇവിടെ നിലവിൽ തറപ്പൊക്കത്തിന് താഴെയുള്ള സ്ഥലത്ത് മഴക്കാലത്ത് മലിനജലം കെട്ടിനിന്ന് കൊതുകുകൾ പെരുകുന്നത് ജനങ്ങൾക്ക് ദുരിതമായി. കയറാനും ഇറങ്ങാനും പടിക്കെട്ടുകൾ ഇല്ലാത്ത കെട്ടിടത്തിന്റെ തറയിലേക്ക് കയറാൻ സാധിക്കില്ല. ഇതിനായി ഏണി ഉപയോഗിക്കണം. കെട്ടിടത്തിനുള്ളിൽ വിവിധ ഇടങ്ങളിലായി നാലോളം കോൺക്രീറ്റ് തൂണുകൾ നിൽക്കുന്നതിനാൽ ഒരു ഹാൾ എന്ന നിലയിൽ ഉപയോഗിക്കാനും കഴിയില്ല. ഇതിനോടു ചേർന്നുള്ള പൊതുകിണർ ചുറ്റുമതിൽ തകർന്ന അപകടാവസ്ഥയിലുമാണ്.




