കൊച്ചി: ഫാന്‍സി വാഹന നമ്പര്‍ ലേലങ്ങളില്‍ ഉയര്‍ന്ന തുക വിളിച്ചശേഷം ലേലത്തില്‍ നിന്നും പിന്മാറുന്നവര്‍ക്ക് പണികൊടുക്കാന്‍ ഹൈക്കോടതിയും മോട്ടോര്‍ വാഹനവകുപ്പും. വിളിച്ചെടുത്ത വാഹന നമ്പര്‍ സ്വീകരിച്ചാലും ഇല്ലെങ്കിലും ലേലത്തില്‍ പറഞ്ഞുറപ്പിച്ച തുക അടക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
കൂടുതല്‍ ഡിമാന്റുള്ള ഫാന്‍സി നമ്പറുകളുടെ ലേലത്തിന് വന്ന് വലിയ തുക വിളിച്ച് ഉറപ്പിച്ച ശേഷം പിന്മാറുന്നവര്‍ കാരണം സര്‍ക്കാരിന് വരുമാന നഷ്ടമുണ്ടാകുന്നത് പതിവാണ്. എറണാകുളത്ത് കഴിഞ്ഞ ദിവസം ഫാന്‍സി നമ്പറിന് വേണ്ടി അഞ്ചു ലക്ഷം രൂപ ലേലം വിളിക്കുകയും രണ്ട് ദിവസം കഴിഞ്ഞ് വന്ന് പണമില്ലെന്ന് പറഞ്ഞ് മൂവായിരം രൂപയുടെ സാധാരണ നമ്പറിന് അപേക്ഷിക്കുകയും ചെയ്ത കാറുടമയോടാണ് മുഴുവന്‍ തുകയും കെട്ടിവെക്കണമെന്ന് കോടതി ആവശ്യപ്പെട്ടത്.
ആറു പേര്‍ പങ്കെടുത്ത വാശിയേറിയ ലേലത്തില്‍ ഇയാള്‍ അഞ്ചു ലക്ഷം രൂപയ്ക്ക് നമ്പര്‍ സ്വന്തമാക്കിയിരുന്നു. പിന്നീടാണ് പിന്മാറിയത്. എന്നാല്‍, ലേലത്തില്‍ പങ്കെടുത്ത് ഉറപ്പിക്കുന്ന തുക നിയമപരമായ ബാധ്യതയാണെന്നും, അടക്കേണ്ടത് നിര്‍ബന്ധമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. വിളിച്ചെടുത്ത നമ്പര്‍ സ്വീകരിച്ചാലും ഇല്ലെങ്കിലും ഈ പണം ഇയാള്‍ അടയ്ക്കണം ഇനി. അതില്‍ വീഴ്ചവരുത്തിയാല്‍ റവന്യൂ കുടിശ്ശികയായി കണക്കാക്കി റിക്കവറി നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
വലിയ സെലിബ്രിറ്റികളും മറ്റും വരുന്ന ലേലങ്ങളില്‍ ശ്രദ്ധയാകര്‍ഷിക്കാനായി വലിയ തുകക്ക് ലേലം വിളിക്കുകയും പിന്നീട് പിന്മാറുകയും ചെയ്യുന്ന പ്രവണത കൂടിവരുന്നുണ്ടെന്നും ഇതിലൂടെ സര്‍ക്കാരിനുണ്ടാകുന്ന സാമ്പത്തിക നഷ്ടം തടയാന്‍ വേണ്ട കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.




