ടെഹ്‌റാൻ: ഇസ്ലാമാബാദിൽ നടന്ന യുഎസ്–ഇറാൻ ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ ഔദ്യോഗിക പ്രതികരണവുമായി ഇറാൻ പ്രതിനിധി സംഘത്തിന് നേതൃത്വം നൽകിയ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഗേർ ഘാലിബാഫ് രംഗത്തെത്തി. മുൻകാല യുദ്ധാനുഭവങ്ങളുടെ പശ്ചാത്തലത്തിൽ യുഎസിനോട് വിശ്വാസമില്ലായിരുന്നുവെന്ന് അദ്ദേഹം എക്‌സിൽ പ്രസ്താവിച്ചു.
“ചർച്ചകളുടെ വിവിധ ഘട്ടങ്ങളിൽ ഇറാനിയൻ പ്രതിനിധി സംഘത്തിന്റെ വിശ്വാസം നേടുന്നതിൽ എതിർപക്ഷം പരാജയപ്പെട്ടു,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആണവായുധവും ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ധാരണയിലെത്താൻ സാധിക്കാതെ ചർച്ചകൾ അവസാനിക്കുകയായിരുന്നു.
“നമ്മുക്ക് ആവശ്യമായ നല്ല മനസ്സും ചർച്ചയ്ക്കുള്ള ഇച്ഛാശക്തിയും ഉണ്ടായിരുന്നു. എന്നാൽ, മുൻ യുദ്ധങ്ങളിലെ അനുഭവങ്ങൾ കാരണം എതിർപക്ഷത്തെ വിശ്വസിക്കാൻ കഴിഞ്ഞില്ല. ഇറാന്റെ ദേശീയ പ്രതിരോധ നേട്ടങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ ഞങ്ങൾ തുടരുകയും ചെയ്യും,” ഘാലിബാഫ് വ്യക്തമാക്കി.
ചർച്ചകൾ കടുത്തതായിരുന്നുവെന്നും, നടപടിക്രമങ്ങൾ സുഗമമാക്കുകയും മധ്യസ്ഥത വഹിക്കുകയും ചെയ്ത പാകിസ്താനോട് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഇസ്ലാമാബാദിൽ നടന്ന ചർച്ച 21 മണിക്കൂറോളം നീണ്ടുനിന്നു. അമേരിക്കൻ നിബന്ധനകൾ ഇറാൻ അംഗീകരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന്, സമാധാന കരാറില്ലാതെ ചർച്ചകൾ അവസാനിച്ചതായി യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് അറിയിച്ചു.
ആണവായുധ വിഷയമാണ് ചർച്ചയിലെ പ്രധാന തടസമായതെന്ന് വാൻസ് വ്യക്തമാക്കി. “ഒരു കരാറിലെത്താൻ കഴിഞ്ഞില്ല എന്നത് ദുഃഖകരമാണ്. ഇത് അമേരിക്കയെക്കാൾ ഇറാനെ കൂടുതൽ ബാധിക്കുമെന്ന് ഞാൻ കരുതുന്നു. ഞങ്ങളുടെ നിബന്ധനകൾ അവർ അംഗീകരിച്ചില്ല. ചർച്ചകളിൽ പാകിസ്താന്റെ ഭാഗത്ത് കുറവൊന്നുമില്ല; അവർ മികച്ച രീതിയിൽ മധ്യസ്ഥത വഹിച്ചു,” എന്നും വാൻസ് പറഞ്ഞു.




