കള്ളാടി: വയനാട് തുരങ്കപാത നിർമാണവുമായി ബന്ധപ്പെട്ട് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം മുന്നോട്ടുവെച്ച നിർണായക സുരക്ഷാ വ്യവസ്ഥകൾ പാലിക്കുന്നതിൽ വീഴ്ച സംഭവിച്ചതായി വിവരം. മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലയാണെന്ന് മുൻകൂട്ടി മുന്നറിയിപ്പ് നൽകിയിരുന്നിട്ടും ആവശ്യമായ നിരീക്ഷണവും സുരക്ഷാ നടപടികളും കൃത്യമായി നടപ്പാക്കിയില്ലെന്നാണ് ഉയരുന്ന ആരോപണം.
പദ്ധതിക്ക് പരിസ്ഥിതി അനുമതി നൽകുമ്പോൾ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം നിരവധി നിബന്ധനകൾ മുന്നോട്ടുവെച്ചിരുന്നു. പ്രദേശം പരിസ്ഥിതിപരമായി അതീവ ദുർബലമാണെന്നും ഏത് സമയത്തും മണ്ണിടിച്ചിൽ സംഭവിക്കാമെന്നും വിലയിരുത്തിയ മന്ത്രാലയം, നിരന്തര നിരീക്ഷണ സംവിധാനം ഒരുക്കണമെന്നും ചെറിയ തോതിലുള്ള മണ്ണിടിച്ചിൽ സൂചന ലഭിച്ചാലും അടിയന്തര സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്നും നിർദേശിച്ചിരുന്നു. എന്നാൽ ഈ നിർദേശങ്ങൾ പൂർണമായി പാലിച്ചില്ലെന്നാണ് പുറത്തുവരുന്ന വിവരം.
ദുരന്തം സംഭവിച്ചത് രാവിലെ 11.30ഓടെയായിരുന്നെങ്കിലും രാവിലെ 8.30 മുതൽ തന്നെ മണ്ണിടിച്ചിലിന്റെ ലക്ഷണങ്ങൾ പ്രകടമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. എന്നിട്ടും നിർമാണ പ്രവർത്തനം നിർത്തുകയോ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുകയോ ചെയ്തില്ലെന്നാണ് ആക്ഷേപം. ഇതോടെ ഭരണസംവിധാനങ്ങൾക്കും ദുരന്തനിവാരണ സംവിധാനങ്ങൾക്കും വീഴ്ച സംഭവിച്ചോയെന്ന ചോദ്യവും ഉയരുന്നുണ്ട്.
മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലകളുടെ ശാസ്ത്രീയ മാപ്പിങ് നടത്തണമെന്നും നിർമാണത്തിനിടെ ഉണ്ടാകുന്ന വൈബ്രേഷന്റെ ആഘാതം തുടർച്ചയായി വിലയിരുത്തണമെന്നും കേന്ദ്ര മന്ത്രാലയം നിർദേശിച്ചിരുന്നു. ഈ വിവരങ്ങൾ ജില്ലാ ഭരണകൂടത്തെയും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയെയും അറിയിച്ച് ആവശ്യമായ മാർഗനിർദേശങ്ങൾ സ്വീകരിക്കണമെന്ന വ്യവസ്ഥയും ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. വൈബ്രേഷൻ നിരീക്ഷണത്തിനുള്ള സംവിധാനം ഒരുക്കിയിരുന്നെങ്കിലും അത് കാര്യക്ഷമമായി പ്രവർത്തിച്ചിരുന്നോയെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.
അതേസമയം, അപകടത്തിന് കാരണം വനമേഖലയിൽ ഉണ്ടായ സ്വാഭാവിക മണ്ണിടിച്ചിലാണെന്നാണ് നിർമാണ കരാറുകാരായ ദിലീപ് ബിൽഡ്‌കോൺ കമ്പനിയുടെ വിശദീകരണം. മണ്ണ് കൂമ്പാരമായി ശേഖരിച്ചിരുന്നില്ലെന്നും ബൗണ്ടറിക്ക് പുറത്തുള്ള വനഭാഗത്താണ് മണ്ണിടിച്ചിൽ ഉണ്ടായതെന്നും കമ്പനിയുടെ മാനേജർ സെബാസ്റ്റ്യൻ പറഞ്ഞു. നിർമാണ പ്രവർത്തനങ്ങൾ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് നടത്തിയതെന്നും കമ്പനി അവകാശപ്പെട്ടു.
ഇതിനിടെ, പദ്ധതി ആരംഭിക്കുന്നതിന് മുമ്പ് ആവശ്യമായ ജിയോളജിക്കൽ, ഹൈഡ്രോളജിക്കൽ പഠനങ്ങൾ സമഗ്രമായി നടത്തിയിട്ടില്ലെന്ന വിമർശനവുമായി ഭൗമശാസ്ത്രജ്ഞൻ സി.പി. രാജേന്ദ്രനും രംഗത്തെത്തി. മണ്ണിടിച്ചിൽ സാധ്യത കൂടുതലുള്ള മേഖലയായതിനാൽ വിശദമായ ശാസ്ത്രീയ പഠനം അനിവാര്യമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ദുരന്തത്തിന് പിന്നാലെ ഇത് മനുഷ്യനിർമിത ദുരന്തമാണെന്ന് ചൂണ്ടിക്കാട്ടി മന്ത്രി ടി. സിദ്ദിഖ് രംഗത്തെത്തിയിരുന്നു. പദ്ധതിക്കായി എടുത്ത മണ്ണ് സമയബന്ധിതമായി നീക്കം ചെയ്യാതിരുന്നതാണ് അപകടത്തിന് കാരണമായതെന്നായിരുന്നു മന്ത്രിയുടെ ആരോപണം. പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീറും ഇതേ നിലപാട് ആവർത്തിച്ച്, മണ്ണ് നീക്കാൻ രണ്ടുതവണ നിർദേശം നൽകിയിരുന്നെങ്കിലും അത് നടപ്പായില്ലെന്ന് വ്യക്തമാക്കിയിരുന്നു. പി.ഡബ്ല്യു.ഡി.യുടെ യോഗ മിനിറ്റുകളിലും മണ്ണ് നീക്കം ചെയ്യണമെന്ന നിർദേശം രേഖപ്പെടുത്തിയിട്ടുണ്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രിയും അപകടത്തിന് പ്രധാന കാരണങ്ങളിലൊന്നായി മണ്ണ് നീക്കം ചെയ്യാതിരുന്നതിനെ പരാമർശിച്ചിട്ടുണ്ട്.




