തിരുവനന്തപുരം: മണ്ഡല പുനര്‍നിര്‍ണയ വിഷയത്തില്‍ കേന്ദ്ര നീക്കത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ തേടി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായ നീക്കത്തിനെതിരെ ഒന്നിച്ചു നില്‍ക്കണമെന്ന് ആവശ്യപ്പെട്ട് രേവന്ത് റെഡ്ഡി പിണറായി വിജയന് കത്തയച്ചു. പതിറ്റാണ്ടുകളായി നേരിടുന്ന തെക്ക്-വടക്ക് വിഭജനത്തിന്റെ പുതിയ നീക്കമാണ് ലോക്‌സഭാ സീറ്റുകളുടെ വിപുലീകരണമെന്നു കത്തില്‍ പറയുന്നു.
തിരഞ്ഞെടുപ്പ് സമയത്ത് പിണറായി വിജയനും രേവന്ത് റെഡ്ഡിയും തമ്മിലെ കൊമ്പുകോര്‍ക്കല്‍ വലിയ ശ്രദ്ധ നേടിയിരുന്നു. ഇതിനു പിന്നാലെയാണു ഒന്നിച്ചുനില്‍ക്കണമെന്ന് ആവശ്യപ്പെട്ട് പിണറായിക്ക് രേവന്തിന്റെ കത്ത്. യുഡിഎഫ് സ്ഥാനാര്‍ഥി കെ.എസ്. ശബരീനാഥന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ രേവന്ത് റെഡ്ഡി സിനിമാ ഡയലോഗ് അനുകരിച്ചു പിണറായി വിജയനെ ‘നീ പോ മോനേ വിജയാ എന്ന് വിളിച്ചതും പിന്നാലെ ഡാഷ് മോനേ എന്ന പിണറായി സ്റ്റൈല്‍ മറുപടിയുമെല്ലാം വലിയ വാര്‍ത്തയായിരുന്നു.




