തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ നിതിൻ രാജിന്റെ മരണത്തിൽ ഒന്നാം പ്രതിയായ വകുപ്പ് മേധാവി റാമിനെ പിടികൂടാത്തതിൽ പോലീസിനെതിരെ ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് നിഥിന്റെ പിതാവ് രാജന്‍. തെളിവ് സഹിതം ഹാജരാക്കിയിട്ടും എന്തുകൊണ്ടാണ് റാമിനെ പിടികൂടാൻ പൊലീസിന് കഴിയാത്തതെന്നാണ് പിതാവിന്റെ ആരോപണം. മകന്‍ പോയിട്ട് 18 ദിവസം കഴിഞ്ഞു. ഇതുവരെയും മകന് നീതി ലഭിച്ചില്ല. എന്തിനാണ് ഇവിടെ പൊലീസും നിയമവുമൊക്കെ, പൊലീസിന്റെ മൂക്കിന്റെ തുമ്പത്ത് തന്നെ റാം ഉണ്ടായിട്ടും ആന്ധ്രയിലുണ്ട് കര്‍ണാടകത്തില്‍ ഉണ്ട് എന്ന് പറഞ്ഞ് കളിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. സാമ്പത്തികം കുറഞ്ഞവരായതുകൊണ്ടാണോ തങ്ങളോട് ഈ അനീതി. പഴുതുകള്‍ ഉപയോഗിച്ച് പ്രതികളെ രക്ഷപ്പെടാന്‍ സഹായിക്കുകയാണ്. അന്വേഷണത്തില്‍ തൃപ്തരല്ലെന്നും രാജന്‍ കൂട്ടിച്ചേര്‍ത്തു.




