പാലക്കാട്: ഭർതൃഗൃഹത്തിൽ വച്ച് എലിവിഷം കഴിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അസ്ന (20) ആണ് മരണപ്പെട്ടത്. ഇരട്ടക്കുളം നെല്ലിയാംകുന്നം ഇടത്തിൽകോളനി സ്വദേശി അബ്ദുൽ റഹ്മാന്റെ ഭാര്യയായ അസ്ന ഗവൺമെന്റ് ഗേൾസ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായിരുന്നു.
കഴിഞ്ഞ വർഷം ഏപ്രിൽ 20നായിരുന്നു അസ്നയുടെ വിവാഹം. വിഷം കഴിച്ച് അവശനിലയിലായ അസ്നയെ ആദ്യം ആലത്തൂർ, പിന്നീട് എറണാകുളം എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനെ തുടർന്ന് പിന്നീട് കോഴിക്കോട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.
ഭർത്താവിന്റെ വീട്ടിൽ വീട്ടുജോലികൾ മുഴുവൻ ചെയ്യിപ്പിച്ച ശേഷമാണ് സ്കൂളിൽ പോകാൻ അനുവദിച്ചിരുന്നതെന്നും, ഇത് അസ്നയ്ക്ക് മാനസിക വിഷമം സൃഷ്ടിച്ചിരുന്നുവെന്നും ബന്ധുക്കൾ പൊലീസിനോട് മൊഴി നൽകിയതായി അറിയുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.
കാവശ്ശേരി ചുണ്ടക്കാട് പെരിങ്ങോട്ടുകുന്ന് സ്വദേശിയായ ഹനീഫയുടെ മകളാണ് അസ്ന.




