തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി 29-കാരിയെ നാലുവർഷത്തോളം പീഡിപ്പിച്ചും ഏഴുപവൻ സ്വർണവും ഒൻപതുലക്ഷം രൂപയും തട്ടിയെടുത്തെന്ന പരാതിയിൽ യുവാവിനെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു വിവാഹത്തിനൊരുങ്ങുന്നുവെന്ന വിവരം അറിഞ്ഞതിനെ തുടർന്നാണ് യുവതി പൊലീസിൽ പരാതി നൽകിയത്.
മണക്കാട് പോസ്റ്റ് ഓഫീസിന് സമീപം താമസിക്കുന്ന സച്ചിൻകുമാർ (32) ആണ് അറസ്റ്റിലായത്. 2022 മുതൽ ഈ വർഷം ജനുവരിവരെ വിവിധ സ്ഥലങ്ങളിൽ എത്തിച്ചാണ് ഇയാൾ യുവതിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകി യുവതിയിൽ നിന്ന് പണവും സ്വർണവും കൈപ്പറ്റിയതായും പരാതിയിലുണ്ട്.
കഴിഞ്ഞ മാർച്ച് 30-ന് ആറ്റുകാൽ ക്ഷേത്രത്തിൽ വെച്ച് വിവാഹം നടത്താമെന്ന് സച്ചിൻകുമാർ യുവതിയെ അറിയിച്ചിരുന്നു. ഇതനുസരിച്ച് യുവതിയും അമ്മയും ബന്ധുക്കളും ക്ഷേത്രത്തിലെത്തിയെങ്കിലും സച്ചിൻകുമാർ എത്തിയില്ല. വിവാഹത്തിൽ പങ്കെടുക്കേണ്ടിയിരുന്ന സുഹൃത്ത് തിരുവല്ലത്ത് വാഹനാപകടത്തിൽ മരിച്ചതിനാലാണ് എത്താനാകാത്തതെന്ന് ഇയാൾ പിന്നീട് യുവതിയെ അറിയിക്കുകയായിരുന്നു.
തുടർന്ന് പേരൂർക്കട സബ് രജിസ്ട്രാർ ഓഫീസിൽ മറ്റൊരു യുവതിയെ വിവാഹം ചെയ്യാൻ പോകുന്നുവെന്ന വിവരം അറിഞ്ഞതോടെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. പരാതി നൽകിയ വിവരം അറിഞ്ഞ ശേഷം സച്ചിൻകുമാർ ബെംഗളൂരുവിലേക്ക് കടന്നതായും പൊലീസ് പറഞ്ഞു.
ഇതിനെ തുടർന്ന് സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലേക്കും റെയിൽവേ പൊലീസിലേക്കും വിവരം കൈമാറി നടത്തിയ അന്വേഷണത്തിനൊടുവിൽ പാലക്കാട്ട് വെച്ച് ട്രെയിനിൽ നിന്നാണ് ഇയാളെ റെയിൽവേ പൊലീസ് പിടികൂടിയത്. തുടർന്ന് വിഴിഞ്ഞം പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.






