ബിഡിഎസ് വിദ്യാര്‍ഥിയായ നിതിന്‍ രാജിന്റെ മരണത്തിന് പിന്നാലെ വ്യാപകമായ അനധികൃത ലോണ്‍ ആപ്പുകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സംസ്ഥാനത്ത് വീണ്ടും സജീവമാക്കിയിരിക്കുകയാണ്. പലപ്പോഴും ചെറിയ ആവശ്യങ്ങള്‍ക്ക് ചെറിയ തുകയില്‍ നിന്ന് എടുത്ത് തുടങ്ങുന്നവരാണ് പിന്നീട് ജീവിതം തന്നെ അവസാനിപ്പിക്കേണ്ട അവസ്ഥയില്‍ ചെന്നെത്തുന്നത്. സ്വന്തം ഫോണിലെ സ്വകാര്യ വിവരങ്ങള്‍ ഉപയോഗിച്ച് ഇരകളെ എങ്ങനെയാണ് ഇവര്‍ ഭീഷണിപ്പെടുത്തുന്നതെന്ന് ഈ സംഭവം വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട് നിന്ന് കാണാതായ വിഷ്ണുവും ചര്‍ച്ചകളെ കൂടുതല്‍ ഗൗരവതരമാക്കുന്നു. ഭാഗ്യവശാല്‍ നിതിന്റെ വിധി വിഷ്ണുവിന് ഉണ്ടായില്ലെന്ന് തല്‍ക്കാലം പറയാമെങ്കിലും അത്ര ചെറിയൊരു വിഷയമല്ല ലോണ്‍ ആപ്പുകളുടേതെന്ന് തിരിച്ചറിയണം.
കണ്ണൂര്‍ ഡെന്റല്‍ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്ന നിതിന്‍ കഴിഞ്ഞ ഏപ്രില്‍ 10നാണ് ജീവനൊടുക്കിയത്. ജാതി അധിഷേപം പോലുള്ള വേറേയും വിഷയങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പെട്ടെന്ന് ജീവനൊടുക്കുന്ന നിലയിലേക്ക് എത്തിച്ചത് ഈ ലോണ്‍ ആപ്പ് കെണി തന്നെയായിരുന്നു. ഒരു ലോണ്‍ ആപ്പില്‍ നിന്ന് നിതിന്‍ പണമെടുത്തിരുന്നതായും മരിക്കുന്നതിന് തലേദിവസം ഇഴരില്‍ നിന്ന് എണ്ണമറ്റ ഭീഷണി കോളുകള്‍ വന്നിരുന്നതായും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. നിതിന്‍ ഒരു ഇര മാത്രമാണ്. കഴിഞ്ഞ കുറച്ച് കാലത്തെ കണക്കുകള്‍ എടുത്താല്‍ കാണുക ഞെട്ടിക്കുന്ന വിവരങ്ങളാണ്.
പൊലീസ് കണക്കുകള്‍ പ്രകാരം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കേരളത്തില്‍ നിന്ന് മാത്രം 15,000ത്തോളം പേരാണ് നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടല്‍ (NCRP) വഴി അനധികൃത ലോണ്‍ ആപ്പുകള്‍ക്കെതിരെ പരാതി നല്‍കിയത്. എന്നാല്‍ അതില്‍ വെറും 284 പേര്‍ മാത്രമാണ് പരാതിയുമായി മുന്നോട്ട് പോകാനും എഫ്ഐആര്‍ (FIR) രജിസ്റ്റര്‍ ചെയ്യാനും തയ്യാറായത്. മിക്കവരും ഭീഷണികളും തെറിയഭിഷേകങ്ങളും മറ്റും കാരണം കടുത്ത മാനസിക സംഘര്‍ഷത്തിലാണ് ജീവിതം പിടിച്ചു നിര്‍ത്തുന്നത്. അതിനും കഴിയാത്തവര്‍ ജീവന്‍ പോലും ഒടുക്കുന്ന നിലയിലേക്കും എത്തുന്നു.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കുറഞ്ഞത് ഏഴ് ആത്മഹത്യകളെങ്കിലും ഇത്തരത്തിലുള്ള ലോണ്‍ ആപ്പ് തട്ടിപ്പുകളുമായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ഈ കാലയളവില്‍ 70 കോടി രൂപ ഇരകള്‍ക്ക് നഷ്ടമായി. ഇതില്‍ 28 കോടി രൂപ (40%) മാത്രമാണ് തിരിച്ചുപിടിക്കാന്‍ സാധിച്ചത്. നിതിന്റെ കേസ് ഉള്‍പ്പെടെ ചില സംഭവങ്ങളില്‍ മാത്രമാണ് അറസ്റ്റ് നടന്നിട്ടുള്ളത്, ചിലതില്‍ അന്വേഷണം നടക്കുന്നു, ബാക്കിയുള്ളത് എവിടേയും എത്താതെ കെട്ടിക്കിടക്കുന്നു.
ലോണ്‍ ആപ്പ് കെണിയില്‍ വീഴുന്നവര്‍ക്കുമുണ്ട് ചില സാമ്യതകള്‍. കുറഞ്ഞ വരുമാനമുള്ളവരെയും അസംഘടിത മേഖലകളില്‍ ജോലി ചെയ്യുന്നവരെയുമാണ് തട്ടിപ്പുകാര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. അതും നല്ലൊരു ശതമാനവും ചെറുപ്പക്കാര്‍. സ്ത്രീകളെന്നോ പുരുഷന്മാരെന്നോ വ്യത്യാസങ്ങളില്ല. ഇരകളില്‍ 32 ശതമാനം പേരും സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരാണ്. അതില്‍ 20.18 ശതമാനം വീട്ടമ്മമാരുമാണ്. ബിസിനസ് ആവശ്യങ്ങള്‍ക്കായി പണം കണ്ടെത്താനാവാതെ വിഷമിക്കുന്ന വ്യാപാരികള്‍ (9.79%), വിദ്യാര്‍ഥികള്‍ (4.37%) എന്നിവരും ഇരകളാണ്. പെട്ടെന്ന് ചെറിയ ആവശ്യം വരുമ്പോള്‍ ഇത്തരം ഓഫറുകളില്‍ വീഴുന്നു എന്നതാണ് സ്ത്രീകളെ നോട്ടമിടാന്‍ പ്രധാന കാരണം. ഒരിക്കലെടുക്കുന്ന ലോണ്‍ പിന്നീട് എത്ര അടച്ചാലും തീരില്ല. അത്രമാത്രമാണ് പലിശ. പിന്നീട് ഇത് തീര്‍ക്കാന്‍ മറ്റൊരു ആപ്പില്‍ കയറി വേറെ ലോണ്‍ എടുക്കും. അതും ചിലപ്പോള്‍ ഇവര്‍ തന്നെ സജസ്റ്റ് ചെയ്തു തരുന്നതും ആകും. അങ്ങനെ ഇത് തുടര്‍ന്ന് പോകും. ഒരു ഘട്ടമെത്തുമ്പോള്‍ പിടിവിട്ടു പോയെന്ന് തിരിച്ചറിയും.
എപികെ (APK) ഫയലുകള്‍ വഴി നേരിട്ട് ലോണ്‍ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നവരാണ് കൂടുതല്‍ അപകടത്തിലാകുന്നത്. കോണ്‍ടാക്റ്റുകളും ഫോട്ടോകളും ഉള്‍പ്പെടെയുള്ള സ്വകാര്യ രേഖകളിലേക്ക് ആക്സസ് നല്‍കുന്നതോടെ കടം വാങ്ങുന്നവര്‍ തങ്ങളുടെ അന്തസ്സാണ് പണയവസ്തുവായി നല്‍കുന്നതെന്ന് അഴര്‍ തിരിച്ചറിയാതെ പോകുകയാണ്. ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് പിന്നീട് പണമൊന്നും വാങ്ങാതെ അത് ഡിലീറ്റ് ചെയ്തവര്‍ക്ക് പോലും ഭീഷണി കോളുകള്‍ വരുന്നുണ്ടെന്ന് മനസിലാക്കണം. കാരണം ഇന്‍സ്റ്റാള്‍ ചെയ്ത സമയത്ത് തന്നെ വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടിട്ടുണ്ടാകും.
ഫോണിലെ വിവരങ്ങള്‍ എത്രത്തോളം ആപ്പിന് ലഭ്യമാകുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് ലോണ്‍ തുക തന്നെ നിശ്ചയിക്കുന്നത്. മുഴുവന്‍ അരിച്ചുപെറുക്കി പഠിച്ച ശേഷം എത്രത്തോളം ഇയാളെ ചൂഷണം ചെയ്യാം എന്ന് പഠിച്ചിട്ടാകും ഇവര്‍ തുക തീരുമാനിക്കുന്നത്. വായ്പ തിരിച്ചടയ്ക്കാന്‍ അമിതമായ തുക ഇവര്‍ ആവശ്യപ്പെടും. പണം നല്‍കിയില്ലെങ്കില്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് സൈബര്‍ ബുള്ളിയിങ് നടത്തുകയും വിദേശ നമ്പറുകളില്‍ നിന്നും മറ്റും ഇരയുടെ കോണ്‍ടാക്റ്റ് ലിസ്റ്റിലുള്ളവര്‍ക്ക് ഭീഷണി കോളുകള്‍ വരികയും ചെയ്യുമെന്നും പൊലീസ് പറയുന്നു. സൈബര്‍ സെല്ലും പൊലീസുമെല്ലാം പല തവണ ഈ വിഷയത്തില്‍ മുന്നറിയിപ്പുകളും ബോധവല്‍ക്കരണവും നല്‍കിയിട്ടുണ്ടെങ്കിലും ഇന്നും, ഈ നിമിഷവും ഏതെങ്കിലും ലോണ്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് പണം വരുന്നതും നോക്കിയിരിക്കുന്ന ആരെങ്കിലും ഒരാളെങ്കിലും നമുക്ക് ചുറ്റും ഉണ്ടെന്നതിന്റെ തെളിവുകളാണ് നിതിനും വിഷ്ണുവുമെല്ലാം.




