ജോധ്പൂർ: രാജസ്ഥാനിലെ ജോധ്പൂരിലുള്ള പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ മണ്ഡോർ ഗാർഡനിൽ ടോയ് ട്രെയിനിൽ നിന്ന് വീണ് അഞ്ചുവയസ്സുകാരിക്ക് ദാരുണാന്ത്യം. അനയ്‌റ എന്ന കുട്ടിയാണ് അപകടത്തിൽ മരിച്ചത്. ഞായറാഴ്ച വൈകുന്നേരം ആറുമണിയോടെയായിരുന്നു സംഭവം.
കുട്ടിയുടെ പിതാവ് മുഹമ്മദ് ഹബീബ് നൽകിയ പരാതിപ്രകാരം, കുടുംബത്തോടൊപ്പം ടോയ് ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് പ്രയോഗിച്ചു. ഇതോടെ അനയ്‌റ സീറ്റിൽ നിന്ന് തെറിച്ചുവീഴുകയായിരുന്നു. സംഭവം കണ്ട യാത്രക്കാർ ട്രെയിൻ നിർത്താൻ ആവശ്യപ്പെട്ട് ബഹളം വെച്ചെങ്കിലും ഓപ്പറേറ്റർ വാഹനം മുന്നോട്ടെടുത്തതായി പരാതിയിൽ പറയുന്നു. ട്രെയിൻ പൂർണമായി നിൽക്കുന്നതിന് മുമ്പ് ഒരു ചക്രം കുട്ടിയുടെ കഴുത്തിലൂടെ കയറിയിറങ്ങുകയും ഗുരുതര പരിക്കേൽക്കുകയും ചെയ്തു.
കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഹബീബിന്റെ അനന്തരവളായ മുസ്‌കാൻ (20) എന്ന യുവതിക്കും പരിക്കേറ്റു. ഇരുവരെയും ഉടൻ മഥുരദാസ് മാത്തൂർ ആശുപത്രിയിൽ എത്തിച്ചെങ്കിലും അനയ്‌റയുടെ ജീവൻ രക്ഷിക്കാനായില്ല. മുസ്‌കാൻ ചികിത്സയിലാണ്.
ടോയ് ട്രെയിൻ ഓപ്പറേറ്ററുടെ ഗുരുതര അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചു. ട്രെയിനിന്റെ സുരക്ഷയെക്കുറിച്ച് നേരത്തെ ആശങ്ക അറിയിച്ചിരുന്നെങ്കിലും ജീവനക്കാർ സുരക്ഷിതമാണെന്ന് ഉറപ്പ് നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഓപ്പറേറ്റർക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തെയും വിനോദസഞ്ചാര കേന്ദ്രത്തിലെ സുരക്ഷാ സംവിധാനങ്ങളെയും കുറിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.






