ആകപ്പാടെ മദ്യത്തിൽ മുങ്ങി സർക്കാർ. വീര്യം കുറവ് മദ്യത്തിന് മാത്രമാണ്, ആരോപണങ്ങൾക്കെല്ലാം ഡബിൾ വീര്യമാണ്. ബജറ്റിനിടെ പറഞ്ഞുപോയ ഒരു പ്രഖ്യാപനം ഇങ്ങനെ കേറി കൊളുത്തുമെന്ന് വിഡി സതീശൻ സ്വപ്നത്തിൽ പോലും ചിന്തിച്ച് കാണില്ല. ഒന്നിന് പുറകെ ഒന്നായി വിവാദങ്ങൾ വന്നുകൊണ്ടിരിക്കുന്ന വിഷയത്തിൽ ടീം യുഡിഎഫ് പോലും ഉലയുന്ന കാഴ്ച്ചയാണ് കാണുന്നത്. ആദ്യ ദിവസം മുതൽ വിഷയത്തിൽ പ്രതിപക്ഷം ഉന്നയിക്കുന്ന അഴിമതി ആരോപണത്തെ കൂടുതൽ സാധൂകരിക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നല്‍കിയ ഫയല്‍ നീങ്ങിയത് ശരവേഗത്തിലാണെന്നതാണ് ഏറ്റവും പുതിയ വിവരം. 2023ല്‍ തുടങ്ങിയ ഫയല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ വേഗത്തില്‍ നീങ്ങിയതിന്റെ ഫയല്‍ മൂവ്‌മെന്റ് ഹിസ്റ്ററി മാധ്യമങ്ങൾ പുറത്ത് വിടുകയാണ്. മെയ് 18ന് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തി. മെയ് 21ന് നികുതിയളവ് ഫയല്‍ വീണ്ടും സജീവമായെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതായത്, വെറും രണ്ടര മണിക്കൂര്‍ കൊണ്ടാണ് ഫയല്‍ അന്ന് മുഖ്യമന്ത്രി വി ഡി സതീശന്റെ മുന്നിലെത്തിയത്. ആർക്കാണ് ഇത്ര ദൃതി?
ഇവിടെ കഴിയുന്നില്ല ആ വേഗം. മുഖ്യമന്ത്രി കണ്ടതിന് ശേഷം ഫയൽ നീക്കത്തിന്റെ വേഗം വീണ്ടും കൂടി. ജൂണ്‍ 15ന് മുഖ്യമന്ത്രി ഫയലില്‍ തീരുമാനമാക്കി. ജൂണ്‍ 16ന് അതിരാവിലെ അഡീഷണല്‍ ചീഫ് സെക്രട്ടറി ജ്യോതിലാല്‍ ഫയല്‍ നീക്കി. രാവിലെ 8.45നാണ് ജ്യോതിലാല്‍ ഫയല്‍ നീക്കിയത്. അതിനുശേഷം ഒരു മിനിറ്റ് കൊണ്ടും രണ്ടുമിനിറ്റ് കൊണ്ടുമെല്ലാമാണ് ഫയൽ നീക്കം നടന്നിരിക്കുന്നതെന്ന് വാർത്ത പുറത്ത് കൊണ്ടുവന്ന മാധ്യമം തെളിവ് സഹിതം പറയുന്നുണ്ട്.
അടുത്ത ചോദ്യം, ആർക്ക് വേണ്ടിയാണ് ഈ ശരവേഗത്തിലുള്ള നീക്കങ്ങളെല്ലാം നടന്നത്? ബക്കാഡിയെന്ന മദ്യക്കമ്പനിക്ക് വേണ്ടിയാണ് ഈ നികുതിയിളവ് പ്രഖ്യാപനം വരെ നടന്നിരിക്കുന്നതെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. ഫയലില്‍ ബക്കാഡി കമ്പനിയുടെ അപേക്ഷ എന്ന് വ്യക്തമായി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനമെടുക്കാത്ത ഫയല്‍ ആയിരുന്നു യുഡിഎഫ് സര്‍ക്കാര്‍ ആദ്യ ബജറ്റില്‍ തന്നെ നികുതി കുറച്ചു കൊടുത്തിരിക്കുന്നത്. അന്ന് ഇടത് സർക്കാരും നീക്കം തുടങ്ങിയിരുന്നു എന്ന് പറയാമെങ്കിലും പിന്നീട് ഇന്നത്തെ മുഖ്യമന്ത്രിയായ വിഡി സതീശൻ നയിക്കുന്ന പ്രതിപക്ഷത്തിന്റെയടക്കം പ്രതിഷേധങ്ങൾ മാനിച്ച് പിന്മാറുകയും ചെയ്തിരുന്നു. 2023ല്‍ അന്നത്തെ നികുതി വകുപ്പ് സെക്രട്ടറിയായ രത്തന്‍ ഖേല്‍ക്കര്‍ ഈ ഫയല്‍ കണ്ടിരുന്നതാണ്. ഇപ്പോഴിതാ ഇതേ രത്തന്‍ ഖേല്‍ക്കര്‍ക്ക് ആണ് ഇന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ചുമതല.
വിഷയം ഒരു രാഷ്ട്രീയ കൊടുങ്കാറ്റാക്കാൻ തന്നെയാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഇക്കാര്യത്തിൽ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിച്ച് തന്നെയാണ് നീങ്ങുന്നത്. നീക്കം ‘ബക്കാർഡി’യെ സഹായിക്കാനാണെന്നും ഇതിന് പിന്നിൽ കോടികളുടെ അഴിമതിയുണ്ടെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നിയമസഭയിൽ ആരോപണം ഉന്നയിച്ചു. ഇതിനായി ബജറ്റിൽ നികുതി നിർദേശം തിരുകികയറ്റുകയാണ് ചെയ്തിരിക്കുന്നത്. പുതിയ നികുതി നിർദ്ദേശം ആലോചിച്ചില്ല എന്നാണ് ബജറ്റ് ഷെഡ്യൂളിൽ മനസിലാകുന്നതെന്നും പിണറായി ചൂണ്ടിക്കാട്ടി. മുൻപ് ഇടതുപക്ഷ സർക്കാർ അധികാരത്തിലിരുന്ന സമയത്ത് ബക്കാർഡി കമ്പനി രണ്ടു തവണ സമീപിച്ചിരുന്നെന്നും പ്രതിപക്ഷ നേതാവ് വെളിപ്പെടുത്തിയതോടെ അക്ഷരാർത്ഥത്തിൽ യുഡിഎഫ് വെട്ടിലായിരിക്കുകയാണ്. എന്നാൽ അടിയന്തര പ്രമേയത്തിന് അനുമതി നൽകിയില്ല.
വിഷയത്തിൽ കോൺഗ്രസ് തന്നെ പല തട്ടിലായി മാറിയിരിക്കുകയാണ്. കടുത്ത അതൃപ്തിയാണ് പാർട്ടിയിലും മുന്നണിയിലും പുകയുന്നത്. ഘടകകക്ഷിയായ മുസ്ലീം ലീഗ് പിന്തുണയ്ക്കില്ല എന്ന് വ്യക്തമാണ്. ലീഗിന് പുറമെ സമസ്ത, ക്രിസ്ത്യൻ സംഘടനകൾ തുടങ്ങിയവരുടെ ശക്തമായ എതിർപ്പ് വരുന്നുണ്ട്. പ്രഖ്യാപനത്തില്‍ ആശങ്കയറിയിച്ച് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും രംഗത്തെത്തിയതോടെ ഭരണപക്ഷത്തും എതിര്‍പ്പ് കൂടുകയാണ്. ഒരു സൈഡിൽ ലഹരിയെ ഒതുക്കാൻ ഓപ്പറേഷൻ തൂഫാൻ നടപ്പിലാക്കുമ്പോൾ മറുവശത്ത് മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന ഇരട്ടത്താപ്പാണ് ചോദ്യമാകുന്നത്. കോൺഗ്രസ് നിരയിൽ എക്കാലത്തും മദ്യത്തിന് എതിര് നിന്നിട്ടുള്ള വിഎം സുധീരനും സർക്കാരിനെതിരെ തിരിഞ്ഞു. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെല്ലാം കോൺഗ്രസ്സ് മാനിഫെസ്റ്റോയ്ക്ക് വിരുദ്ധമെന്ന് പറഞ്ഞ സുധീരൻ തന്റെ എതിർപ്പ് വ്യക്തമാക്കി മുഖ്യമന്ത്രിക്ക് കത്തയക്കുകയും ചെയ്തിട്ടുണ്ട്.
ഇത്രയുമായ സ്ഥിതിക്ക് വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറവിന് യൂ ടേണിന് സാധ്യതയുണ്ട്. പാര്‍ട്ടിയിലും മുന്നണിയിലും അസംതൃപ്തി പുകയുന്നതിന്റെ പശ്ചാത്തലത്തില്‍ മദ്യ നികുതി വിവാദത്തില്‍ നേതാക്കള്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. പാര്‍ട്ടി വേദിയില്‍ ചര്‍ച്ചചെയ്യാതെ തീരുമാനമെടുത്തതായാണ് പരാതി. എക്‌സൈസ് മന്ത്രിയെ ഇരുട്ടില്‍ നിര്‍ത്തിയെന്നും മദ്യ നികുതി വിവാദത്തില്‍ പുനപരിശോധന വേണമെന്നുമാണ് നേതാക്കളുടെ അഭിപ്രായം. സുപ്രധാന തീരുമാനം കൈക്കൊള്ളുന്നതിന് മുമ്പ് എക്‌സൈസ് വകുപ്പുമായി കൂടിയാലോചന നടത്താത്തതില്‍ വകുപ്പ് മന്ത്രി എം ലിജു തന്നെ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചിട്ടുണ്ട്.
കോൺഗ്രസിന്റെ നയത്തിന് വിരുദ്ധമായ കാര്യങ്ങൾ ചെയ്യാൻ സംസ്ഥാന സർക്കാരിന് സാധിക്കില്ലെന്ന മുന്നറിയിപ്പുമായി കെസി വേണുഗോപാലും രംഗത്തെത്തിയതോടെ വിഷയം AICC യുടെ ചെവിയിലുമെത്തി എന്ന് മനസിലാക്കാം. കെസിയുടെ മുന്നറിയിപ്പെന്നത് രാഹുലിന്റേയും ഖർഗെയുടേയും മുന്നറിയിപ്പിന് സമമായി കരുതാം. ഈ തീരുമാനം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയെന്ന് ഒരു വിഭാഗത്തിന്റെ ആരോപണം. ന്യൂനപക്ഷങ്ങളെ തീരുമാനം പാര്‍ട്ടിയില്‍ നിന്ന് അകറ്റിയെന്നും ആക്ഷേപമുണ്ട്. മാറി ചിന്തിക്കാൻ സർക്കാർ നിർബന്ധിതരായേക്കും. പ്രതിപക്ഷത്തിനിത് വീണുകിട്ടിയ വടിയാണ്. അവരത് പരമാവധി ഉപയോഗിക്കുമെന്നുറപ്പ്.
വലിയ ആശങ്കയാണ് പുതിയ മദ്യനയത്തിൽ സംസ്ഥാനത്തെങ്ങും ഉയരുന്നത്. പുതിയ തലമുറയെ ലഹരിയുടെ പിടിയില്‍ അകപ്പെടാതെ സംരക്ഷിക്കണമെന്ന് ഏവരും ഒറ്റ സ്വരത്തിൽ പറയുന്നു. നികുതി കുറഞ്ഞ മദ്യം വിപണിയിലെത്തുമ്പോള്‍, ലഹരി സുലഭമാകുമെന്ന ആശങ്ക ദുരീകരിക്കുക തന്നെ വേണം ഈ സർക്കാർ. നികുതി കുറച്ചതിലൂടെ വീര്യം കുറഞ്ഞ മദ്യം സുലഭമാകുമെന്നും അത് വലിയ തോതിലുള്ള മദ്യവ്യാപനത്തിന് വഴിയൊരുക്കുമെന്നുമുള്ള ആരോപണം നിസാരമായി തള്ളിക്കളയാവുന്ന ഒന്നല്ല.






