കൊച്ചി: വാടകയ്ക്ക് താമസിച്ചിരുന്ന വീട് സ്വന്തമാണെന്ന് വിശ്വസിപ്പിച്ച് പണയത്തിന് നൽകാമെന്ന പേരിൽ 13 ലക്ഷം രൂപ തട്ടിയ കേസിൽ ദമ്പതികൾക്കും ഇടനിലക്കാരനും എതിരെ എളമക്കര പോലീസ് കേസ് രജിസ്റ്റർ ചെയ്തു. എളമക്കര സുഭാഷ് നഗർ സ്വദേശികളായ അനോഷ്, ഭാര്യ മേരി ഷാന (40), ഇടനിലക്കാരനായ റിയാസ് എന്നിവർക്കെതിരെയാണ് നടപടി. കേസിൽ മേരി ഷാനയെ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
എളമക്കര സ്വദേശിയായ സുമേഷ് നൽകിയ പരാതിയിലാണ് കേസ്. അനോഷും മേരി ഷാനയും വാടകയ്ക്ക് താമസിച്ചിരുന്ന വീട് സ്വന്തം വീടാണെന്ന് പറഞ്ഞ് പണയത്തിന് നൽകാമെന്ന് വാഗ്ദാനം ചെയ്തതായാണ് പരാതി. ജനുവരി 12-ന് അനോഷിന്റെ അക്കൗണ്ടിലേക്ക് 6.5 ലക്ഷം രൂപയും, ജനുവരി 16-ന് മേരി ഷാനയുടെ ബാങ്ക് അക്കൗണ്ടിലേക്ക് 6.5 ലക്ഷം രൂപയും ഗൂഗിൾ പേ വഴി അയച്ചതായി പരാതിയിൽ പറയുന്നു. പിന്നീട് വീട് പ്രതികളുടെ പേരിലല്ലെന്ന് മനസ്സിലായതോടെയാണ് സുമേഷ് പോലീസിനെ സമീപിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.






