കോഴിക്കോട്: സൈബർ സുരക്ഷാ വിദഗ്ധൻ വിനോദ് ഭട്ടതിരിപ്പാടിന്റെ വീട്ടിൽ നിന്നും 21 പവൻ സ്വർണം കവർന്ന കേസിൽ മുഖ്യപ്രതി ഡോളർ അനിൽ പിടിയിലായി. ഇയാളുടെ സഹായിയായ അമ്പായത്തോട് സ്വദേശി ജെയിംസും പോലീസ് കസ്റ്റഡിയിൽ എടുത്തു. മോഷ്ടിച്ച സ്വർണം വിറ്റത് ജെയിംസാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.
കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡ് തമിഴ്നാട്ടിലെ ഒളിവിടത്തിൽ നിന്നാണ് ഡോളർ അനിലിനെ പിടികൂടിയത്. ഷിമോഗ സ്വദേശിയായ ഇയാൾക്കെതിരെ കോഴിക്കോട് ജില്ലയിലും പുറത്തുമായി ഏകദേശം നൂറോളം കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. ജെയിംസിനെതിരെ വിവിധ സ്റ്റേഷനുകളിലായി 35 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.




