കഴിഞ്ഞ പത്ത് വർഷം കേരളത്തിന് അന്യമായിരുന്ന ഒന്നാണ് തിരുവനന്തപുരത്ത് വീണ്ടും പുനർജനിച്ചത്. വിഡി സതീശൻ മുഖ്യമന്ത്രിയായി അധികാരമേറ്റശേഷം സമരരംഗത്തേക്ക് തിരിച്ചുവരാൻ ദുർബലശ്രമങ്ങൾ നടത്തിവരികയായിരുന്നു അതുവരെ സിപിഎം. പ്രതിപക്ഷനേതാവ് പിണറായി വിജയന്റെയും മരുമകൻ മുഹമ്മദ് റിയാസിന്റെയും വീടുകളിലും മകൾ ടി വീണയുടെ ബെംഗളുരുവിലെ കമ്പനി ഓഫീസിലും കൊച്ചിൻ മിനറൽസ് ആന്റ് റൂട്ടൈൽ ലിമിറ്റഡിന്റെ (സിഎംആർഎൽ) മേധാവി ശശിധരൻ കർത്തയുടെ വീട്ടിലുമടക്കം 12 ഇടങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് (ഇഡി) റെയ്ഡ് നടത്തിയത് ഒന്നാന്തരം അവസരം തളികയിൽ നൽകിയിരിക്കുന്നു.
കേരളമാകെ പ്രതിഷേധമിരമ്പി. മാത്രമല്ല, ചിലയിടത്ത് കൈവിട്ടുപോവുകയും ചെയ്തു. തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തു, അവരുടെ വാഹനങ്ങൾ അടിച്ചു തകർത്തു. കേരളത്തിലെമ്പാടും നടന്ന പ്രതിഷേധങ്ങളിൽ സിപിഎമ്മിന്റെ പ്രധാന നേതാക്കളെല്ലാം പങ്കെടുത്തു. ഡൽഹിയിൽ അറസ്റ്റ് വരിച്ചവരുടെ കൂട്ടത്തിൽ ജനറൽ സെക്രട്ടറി എംഎ ബേബിയുമുണ്ടായിരുന്നു. സിപിഎമ്മിന് പിണറായി എന്താണെന്ന് വ്യക്തമാക്കുന്നതായിരുന്നു ആ ദിവസം.
പക്ഷേ അങ്ങിങ്ങ് വ്യത്യസ്ത അഭിപ്രായങ്ങളും ഉയരുന്നുണ്ട്. റെയ്ഡുകൾക്കെതിരായ നേതാക്കളുടെ പ്രതികരണങ്ങൾ പാർട്ടി വീണ്ടെടുത്ത ഉൾപ്പാർട്ടി ജനാധിപത്യത്തിന്റെ സ്പിരിറ്റിന് ചേരാത്തതാണെന്ന് ചില അനുഭാവികൾ പറയുന്നു. പിണറായിയെ വ്യക്തിപരമായി വേട്ടയാടി കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകർക്കുകയാണ് ലക്ഷ്യമെന്ന നേതാക്കളുടെ ആരോപണമാണ് ഇവരെ ചൊടിപ്പിച്ചത്. ഒരു വ്യക്തിയെ വേട്ടയാടിയാൽ തകർന്നുപോവുന്നതാണോ കമ്യൂണിസ്റ്റ് പ്രസ്ഥാനം? അവർ ചോദിക്കുന്നു. കഴിഞ്ഞ പത്തുവർഷത്തിനിടെ സിപിഎം മാറിയ മാറ്റത്തിന്റെ കൂടി സൂചകമാണിത്. പാർട്ടി ഒരു വ്യക്തിയിലേക്ക് ചുരുങ്ങിയ സാഹചര്യം ദയനീയ തോൽവിയുമായി പ്രതിപക്ഷത്തെത്തിയിട്ടും അവശേഷിക്കുന്നത് ആശ്ചര്യകരമാണെന്നും ഇവർ പറയുകയാണ്.
ഇതിനിടയിലാണ് മറ്റൊരു വിഷയം കൂടി ഉയർന്നു വരുന്നത്. ഇപ്പോൾ കണ്ട സഖാക്കളുടെ ‘ആത്മാർഥത’ 2020-ൽ മുമ്പ് ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്ത കേസിൽ കണ്ടിരുന്നില്ല എന്നതാണ് ആ വിമർശനം. അന്ന് പാർട്ടി കടുത്ത നിലപാടുകളെടുത്തു. ബിനീഷിന്റെ പിതാവ് കോടിയേരി ബാലകൃഷ്ണൻ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു, മകന്റെ പാർട്ടി അംഗത്വം മരവിപ്പിച്ചു. എന്നാൽ ഇപ്പോൾ വീണയുടെ നേർക്കുള്ള ആരോപണങ്ങളെ മറ്റൊരു രീതിയിലാണ് കാണുന്നത്. പിണറായിയെ വ്യക്തിപരമായി ആക്രമിക്കുന്നത് സിപിഎമ്മിനെ ആക്രമിക്കുന്നതിന് തുല്യമാണെന്ന നിലപാടിലാണ് പാർട്ടി. കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട കേസുകളിലെ ഈ ഇരട്ടനിലപാട് പാർട്ടിക്കുള്ളിലെ ഒരു വിഭാഗത്തെ അസ്വസ്ഥമാക്കുന്നുണ്ട്. ഇങ്ങനെയെല്ലാം പറയുമ്പോഴും വിഷയത്തെ ബിനീഷ് നേരിട്ട രീതി പ്രശംസനീയം. ഒരുപക്ഷേ തിരുവനന്തപുരത്തെ പോലെ കൈവിട്ട് പോകാതെ കണ്ണൂരിലെ പ്രവർത്തകരെ നിലയ്ക്ക് നിർത്തുന്നതിൽ വരെ ബിനീഷിന് ഒരു പങ്കുണ്ട്. അതിനൊപ്പം തന്നോട് എന്ത് ചെയ്തു എന്നതിന് ഇപ്പോൾ പ്രസക്തിയില്ല എന്ന മാധ്യമങ്ങളുടെ കുത്തിത്തിരിപ്പൻ ചോദ്യങ്ങളോടുള്ള മറുപടിയിലും അച്ചടക്കമുള്ളൊരു അനുഭാവിയെ കാണാം.
ഈ പ്രശ്‌നത്തിൽ പാർട്ടി പുറമേയ്ക്ക് ഒറ്റക്കെട്ടായി നിൽക്കുമ്പോഴും വലിയൊരു വിഭാഗം പ്രവർത്തകരുടെ കാഴ്ചപ്പാടുകളിൽ വൈരുദ്ധ്യമുണ്ട്. ഇഡി നടപടിക്ക് പിന്നിൽ രാഷ്ട്രീയവിദ്വേഷമാണ് എന്നു കരുതുന്നവരാണ് ഏറെയും. പാർട്ടി ഏറ്റവും ദുർബലമായ സമയത്ത് യുഡിഎഫ് സർക്കാരിന്റെ മൗനാനുവാദത്തോടെ ബിജെപി ആക്രമിക്കുകയാണെന്ന് അവർ കരുതുന്നു. കേന്ദ്ര ഏജൻസിയുടെ നടപടിയെ നിയമപ്രകാരമാണ് നേരിടേണ്ടതെന്നും പകരം വൻപ്രക്ഷോഭം നടത്തിയത് കൂടിപ്പോയെന്നും അത് ജനങ്ങളുടെ മുന്നിൽ പാർട്ടിയെ അപഹാസ്യമാക്കുമെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.
പ്രവർത്തകരിൽ ഒരു ചെറിയ വിഭാഗം ഇ.ഡി സമ്മർദം പാർട്ടിക്ക് ഗുണകരമാവുമെന്ന് വിശ്വസിക്കുന്നു. നിയമപരമായ സമ്മർദം പിണറായിയെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റാൻ വഴിവെക്കുമെന്നും പകരം കെ.എൻ. ബാലഗോപാലിനെപ്പോലെ സൗമ്യനും മൃദുഭാഷിയുമായ ഒരാൾ പാർട്ടിയുടെ മുഖമാവുന്നത് സിപിഎമ്മിന് ജനപിന്തുണയും വിശ്വാസവും തിരിച്ചുപിടിക്കാൻ സഹായിക്കുമെന്നും കരുതുന്നവരുണ്ട്.
കോൺഗ്രസ് മുക്തഭാരതം സ്വപ്‌നം കാണുന്ന ബിജെപി കോൺഗ്രസ് ക്ഷയിക്കുമ്പോൾ കേരളത്തിലെ മുഖ്യപ്രതിപക്ഷമാകാൻ പദ്ധതിയിട്ടിരുന്നു, പക്ഷേ, നിലവിലെ സാഹചര്യം സിപിഎമ്മിനെ നേരിട്ട് ദുർബലപ്പെടുത്താനുള്ള അവസരമായി കണ്ട് പ്ലാൻ മാറ്റിയതാണ് റെയ്ഡിൽ കലാശിച്ചത് എന്നും പറയുന്നവരുണ്ടത്രേ. എന്ത് ചെയ്യണമെന്നറിയാതെ മാളത്തിലൊളിച്ചിരുന്നവന്മാർക്കൊക്കെ പുറത്തിറങ്ങാൻ ഒരുക്കിക്കൊടുത്ത ഒരവസരമാണിത്. പിണറായിയ്ക്ക് പുതുജീവനും, യുഡിഎഫിന് ക്രമസമാധാന തലവേദനയും.
ഇതിനെല്ലാം പുറമെ രസകരമായ മറ്റൊരു തരത്തിലും കാര്യങ്ങൾ പ്രചരിക്കുന്നുണ്ടത്രേ. പിണറായിയെ രക്ഷപ്പെടുത്താനാണ് റെയ്ഡിന് ഈ സമയം തിരഞ്ഞെടുത്തതെന്ന്. മുഖം നഷ്ടപ്പെട്ട സിപിഎമ്മിനും പിണറായിക്കും നിലവിലെ പ്രശ്‌നങ്ങളിൽ നിന്ന് തടിയൂരാനും പൊതുസമൂഹത്തിന്റെ അനുഭാവം തിരിച്ചുപിടിക്കാനും റെയ്ഡുകൾ സഹായിക്കുമത്രെ. ഇതു കൊണ്ട് ആകെ നേട്ടം പിണറായി വിജയനും മാർക്‌സിസ്റ്റുകൾക്കുമാണ്. പാർട്ടി കമ്മിറ്റികളൊക്കെ പിണറായി വിമർശനം മതിയാക്കി റോഡിലിറങ്ങിക്കഴിഞ്ഞു. പിണറായി വീണ്ടും ഹീറോ ആയി മാറി. ജീവിക്കുന്ന രക്തസാക്ഷി! ഇനി കൈയാമം കൂടെ വച്ചാൽ കുശാൽ. അടിയന്തരാവസ്ഥ മുതലുള്ള കഥകൾ വാഴ്ത്തുപാട്ടുകളായി വന്നു തുടങ്ങി. ബിജെപി ഇതിനു വേണ്ട സഹായമാണ് അറിയാതെയാണെങ്കിലും ചെയ്തു കൊടുത്തിരിക്കുന്നത്. ഉടക്കിനിൽക്കുന്ന മാർക്‌സിസ്റ്റുകളുടെ ഏകീകരണം നടത്തിയെടുക്കാൻ ഇങ്ങനെയൊന്ന് അവർക്ക് വേണമായിരുന്നു.
എന്തായാലും ഈ റെയ്ഡ് കൊണ്ട് പിണറായിക്കും പാർട്ടിക്കും ഗുണമുണ്ടായി എന്ന് വ്യക്തം. അതുപോലെ ബിനീഷിന്റെ കാര്യം പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നം എന്ന നിലയിൽ നമുക്ക് കണ്ടില്ലെന്ന് നടിക്കാവുന്നതുമാണ്. ഇനിയുള്ള ഏതാനും മാസങ്ങൾ കേരളത്തിന്റെ രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമാണ്. ഇഡി അന്വേഷണത്തിലെ സംഭവവികാസങ്ങൾ എന്തായാലും- കുറ്റപത്രത്തിലേക്കോ അറസ്റ്റിലേക്കോ നീങ്ങുന്നതോ, അല്ലെങ്കിൽ തണുക്കുന്നതോ ആകട്ടെ- അവ രാഷ്ട്രീയ സാഹചര്യത്തെ ബാധിക്കുമെന്നുറപ്പ്. അതോ ഇനി കർത്തയുടെ ഡയറിയിൽ പറയും പോലെ മൂന്ന് മുന്നണിയിലേയും നേതാക്കൾ കുടുങ്ങുമോ എന്നും കണ്ടറിയാം.






