മലപ്പുറം: ഡ്രൈവിങ് പഠിക്കുന്നതിനിടെ കാര്‍ ഇടിച്ച് നാലുവയസുകാരി മരിച്ച സംഭവത്തില്‍ അപകടമുണ്ടാക്കിയ വാഹനം ഓടിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. ഏറാന്തോട് തെക്കന്‍ ഹൗസില്‍ ആയിഷ റഹ്നയെയാണ് മങ്കട പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി 11ഓടെ നടന്ന അപകടത്തില്‍ അങ്ങാടിപ്പുറം ഏറാന്തോട് തോട്ടുങ്ങല്‍ ഹൗസില്‍ സെയ്ഫുദ്ദീന്റെ മകള്‍ ഇഫ്സ ഫാത്തിമയാണ് മരിച്ചത്.
അശ്രദ്ധയായി വാഹനമോടിച്ച് മരണത്തിന് കാരണമായെന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തതെന്ന് മങ്കട ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. യുവതിക്ക് സ്ഥിരം ഡ്രൈവിങ് ലൈസന്‍സ് ഇല്ലെന്നും ലേണേഴ്സ് ലൈസന്‍സ് മാത്രമാണുണ്ടായിരുന്നതെന്നും പൊലീസ് പറഞ്ഞു.
സെയ്ഫുദ്ദീന്റെ സഹോദരന്റെ മകള്‍ പത്താം ക്ലാസില്‍ മികച്ച വിജയം നേടിയതിന്റെ സന്തോഷത്തില്‍ വീട്ടില്‍ കേക്ക് മുറിച്ച് മധുരം പങ്കുവച്ച ശേഷം കുടുംബാംഗങ്ങള്‍ പുറത്തിറങ്ങുന്നതിനിടെയാണ് അപകടം. നിയന്ത്രണം വിട്ട കാര്‍ മതിലും ഗേറ്റും ഇടിച്ചുതകര്‍ത്തപ്പോള്‍ മതിലിനടിയില്‍പ്പെട്ട കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. ഉടന്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.






