തിരുവനന്തപുരം: ബിരുദ കോഴ്‌സുകളിലെ പ്രവേശനത്തിന് പ്ലസ് ടു യോഗ്യത നിർബന്ധമല്ലെന്ന് വ്യക്തമാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഡിപ്ലോമ, ഐടിഐ യോഗ്യതയുള്ളവർക്കും ഇനി ബിരുദ പഠനത്തിന് അവസരം ലഭിക്കും. ഐടിഐ പാസായവർക്ക് ബിരുദ കോഴ്‌സുകളുടെ ഒന്നാം വർഷത്തിലേക്ക് പ്രവേശനം നേടാം. മൂന്ന് വർഷത്തെ പോളിടെക്നിക് ഡിപ്ലോമ പൂർത്തിയാക്കിയവർക്ക് രണ്ടാം വർഷത്തിലേക്ക് ലാറ്ററൽ എൻട്രി വഴി പ്രവേശനം ലഭിക്കും.
എൻസിആർഎഫ് അടിസ്ഥാനമാക്കിയുള്ള പുതിയ ഉത്തരവ് 2027-28 അധ്യയന വർഷം മുതൽ പ്രാബല്യത്തിൽ വരും. കൂടുതൽ പഠന അവസരങ്ങൾ ഒരുക്കുന്നതിനും അക്കാദമിക് പുരോഗതി ലക്ഷ്യമിട്ടുമാണ് പുതിയ തീരുമാനം. എല്ലാ സർവകലാശാലകളിലും ഉത്തരവ് നടപ്പാക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ പ്രത്യേക സമിതിയുടെ ശുപാർശയെ തുടർന്നാണ് നടപടി.


