കോഴിക്കോട്: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ സ്കൂൾ പദ്ധതിയുമായി യുഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നതിനെതിരെ സമസ്ത് കാന്തപുരം വിഭാഗം രൂക്ഷ വിമർശനം ഉയർത്തി. യുഡിഎഫ് നിലപാട് രാഷ്ട്രീയ സത്യസന്ധതയെ തകർക്കുന്നതാണെന്ന് സമസ്തയുടെ പോഷക സംഘടനയായ എസ്‌വൈഎസ് ജനറൽ സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം ആരോപിച്ചു.
മുൻ പിണറായി വിജയൻ സർക്കാർ മുന്നണിയിൽ പോലും ചർച്ച ചെയ്യാതെ ഈ പദ്ധതിയിൽ ഒപ്പുവച്ചിരുന്നുവെന്നും, പിന്നീട് സംസ്ഥാനവ്യാപകമായ എതിർപ്പിനെ തുടർന്ന് കേന്ദ്രത്തിന് കത്ത് നൽകി പദ്ധതിയിൽ നിന്ന് പിന്മാറിയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, അതേ പദ്ധതിയുമായി പുതിയ സർക്കാർ വീണ്ടും മുന്നോട്ടുപോകുന്നതാണ് വിമർശനങ്ങൾക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു.
ജനവികാരം അവഗണിച്ച് മുന്നോട്ടുപോകുന്നത് രാഷ്ട്രീയ മര്യാദയ്ക്ക് നിരക്കാത്തതാണെന്ന് റഹ്മത്തുള്ള സഖാഫി എളമരം അഭിപ്രായപ്പെട്ടു. ഈ ജനവിരുദ്ധ നിലപാട് തിരുത്താൻ യുഡിഎഫ് മുന്നണിയിൽ ആരുമില്ലേയെന്ന് മതേതര കേരളം ചോദിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്രത്തിന്റെ പിഎം ശ്രീ പദ്ധതി സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ അവകാശങ്ങളിലേക്ക് ഇടപെടലാണെന്ന ആരോപണം ശക്തമായിരിക്കെയാണ് കാന്തപുരം വിഭാഗം സമസ്ത സർക്കാരിനെതിരെ പരസ്യ നിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്.






