തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളുടെ വികാരം മനസ്സിലാക്കിക്കൊണ്ടാണ് വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിച്ചതെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ പറഞ്ഞു. രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ഈ വിഷയത്തിൽ നല്ല സമീപനമാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. തീരുമാനം പ്രഖ്യാപിക്കാൻ കുറച്ച് ദിവസത്തെ താമസം ഉണ്ടായെങ്കിലും അത് യുഡിഎഫിന് പുതിയ ഉണർവ് നൽകിയതായും മുരളീധരൻ വ്യക്തമാക്കി.
മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാതിരുന്നതിനെ തുടർന്ന് അതൃപ്തി പ്രകടിപ്പിച്ച മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല വിമത പ്രവർത്തനങ്ങളിലേക്ക് പോകില്ലെന്നും മുരളീധരൻ പറഞ്ഞു. മുൻപും തനിക്കെതിരെ തീരുമാനങ്ങൾ വന്നപ്പോഴും പാർട്ടി അച്ചടക്കം പാലിച്ച വ്യക്തിയാണ് ചെന്നിത്തലയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭരണപരമായ മികച്ച പരിചയമുള്ള നേതാവായതിനാൽ രമേശ് ചെന്നിത്തല മന്ത്രിസഭയിൽ ഉണ്ടാകേണ്ടത് ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മന്ത്രിസഭയ്ക്ക് കരുത്താകുന്ന സാന്നിധ്യമായിരിക്കും അദ്ദേഹമെന്നും മുരളീധരൻ പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ച നേതാക്കളിൽ ഒരാളായിരുന്നു രമേശ് ചെന്നിത്തല. എന്നാൽ വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ അദ്ദേഹം അതൃപ്തി അറിയിക്കുകയും നിയമസഭാ കക്ഷിയോഗത്തിൽ പങ്കെടുക്കില്ലെന്ന് അറിയിക്കുകയും ചെയ്തു. കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിലും പങ്കെടുക്കില്ലെന്ന് അദ്ദേഹം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.






