തിരുവനന്തപുരം: വാഹനങ്ങളിൽ അനുവദിക്കാവുന്ന മോഡിഫിക്കേഷനുകളെക്കുറിച്ച് ഗതാഗത കമ്മീഷണർ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. റിപ്പോർട്ട് പരിശോധിച്ച ശേഷം സർക്കാർ അന്തിമ തീരുമാനം എടുക്കും.
റിപ്പോർട്ടിൽ അനുമതി ഇല്ലാതെ ചെയ്യാൻ കഴിയുന്ന 18 തരം മോഡിഫിക്കേഷനുകളും, പ്രത്യേക അനുമതിയോടെ ചെയ്യേണ്ട ചില മാറ്റങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ബോഡി സ്റ്റിക്കറുകൾ, സീറ്റ് കവറുകൾ, ഡാഷ് കാം, ജിപിഎസ് ട്രാക്കർ തുടങ്ങിയവ അനുമതി ഇല്ലാതെ ചെയ്യാവുന്ന മോഡിഫിക്കേഷനുകളിലുൾപ്പെടുന്നു. എന്നാൽ സ്റ്റിക്കറുകൾ മാന്യമായ രീതിയിലായിരിക്കണമെന്ന് നിർദേശമുണ്ട്.
വാഹനത്തിന്റെ നിറം മാറ്റം ഉൾപ്പെടെയുള്ള പ്രധാന മാറ്റങ്ങൾക്ക് പ്രത്യേക അനുമതി ആവശ്യമാണ്. ഫീസ് അടച്ച് ആർസിയിൽ രേഖപ്പെടുത്തിയാണ് ഇത്തരം മാറ്റങ്ങൾ അനുവദിക്കുക. കൂടാതെ എൽപിജി/സിഎൻജി കിറ്റ് സ്ഥാപിക്കൽ, ഭിന്നശേഷി സൗഹൃദ മാറ്റങ്ങൾ, ഇലക്ട്രിക് വാഹനമാക്കി മാറ്റൽ, എൻജിൻ മാറ്റം, ഷാസി ഫ്രെയിം മാറ്റം എന്നിവയ്ക്കും പ്രത്യേക അനുമതി വേണം.
ഇത്തരം നിയമപരമായ മോഡിഫിക്കേഷനുകൾ അനുവദിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ മുൻപ് വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച പ്രസ്താവനയും റീലും യുവാക്കൾക്കിടയിൽ വലിയ ശ്രദ്ധ നേടിയിരുന്നു. എന്നാൽ ഇപ്പോഴത്തെ റിപ്പോർട്ടിൽ പറയുന്ന പല മോഡിഫിക്കേഷനുകളും നിലവിൽ തന്നെ അനുവദിച്ചിട്ടുള്ളവയാണെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.
ഗതാഗത മേഖലയിലെ ഈ പുതിയ മാർഗനിർദ്ദേശങ്ങൾ സർക്കാർ പരിശോധിച്ച ശേഷം അന്തിമമായി പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു.






