കൊച്ചി: തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതന് ജയിലിൽവെച്ച് സത്യപ്രതിജ്ഞ നടത്താൻ അനുമതി നൽകാമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിക്കും. കാപ്പാ നിയമപ്രകാരം തടങ്കലിലുള്ളതിനാൽ താൽക്കാലികമായി ജയിലിൽ നിന്ന് പുറത്തിറക്കാൻ കഴിയില്ലെന്നും, പകരം വിയ്യൂർ ജയിലിൽ തന്നെ സത്യപ്രതിജ്ഞ നടത്താൻ സൗകര്യമൊരുക്കാമെന്നുമാണ് ആഭ്യന്തര വകുപ്പിന്റെ നിലപാട്.
സത്യപ്രതിജ്ഞയ്ക്കായി താൽക്കാലിക മോചനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുഗതൻ നൽകിയ ഹർജിയിലാണ് സർക്കാർ മറുപടി അറിയിക്കുന്നത്. സുഗതന്റെ സത്യപ്രതിജ്ഞ നാളെ രാവിലെ 11 മണിക്കാണ് നിശ്ചയിച്ചിരിക്കുന്നത്.
നേരത്തെ കൗൺസിലറായി വീണ്ടും സത്യപ്രതിജ്ഞ ചെയ്യുന്നതിനുള്ള സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുഗതൻ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നെങ്കിലും, വിഷയം പരിഗണിക്കേണ്ടത് ഹൈക്കോടതിയാണെന്ന നിലപാടാണ് പ്രോസിക്യൂഷൻ സ്വീകരിച്ചത്. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് ആർ. സുഗതൻ ഉൾപ്പെടെ 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനിടെ കാപ്പാ നിയമപ്രകാരം തടങ്കലിലായതിനാൽ മറ്റ് കൗൺസിലർമാർക്കൊപ്പം വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ സുഗതന് സാധിച്ചിരുന്നില്ല. ആറുമാസത്തെ കാപ്പാ തടങ്കൽ കാപ്പാ ഉപദേശക സമിതിയും ശരിവെച്ച സാഹചര്യത്തിൽ, തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കാനും അദ്ദേഹത്തിന് നിലവിൽ അനുമതിയില്ല.
കോടതിയുടെ അനുമതിയോടെ സത്യപ്രതിജ്ഞ നടത്താൻ സാധിക്കാത്ത പക്ഷം കൗൺസിലർ സ്ഥാനം നഷ്ടപ്പെടാനുള്ള സാധ്യതയും നിലനിൽക്കുന്നു. ഇത് തിരുവനന്തപുരം കോർപ്പറേഷൻ ഭരിക്കുന്ന ബിജെപിക്ക് രാഷ്ട്രീയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.




