കൽപ്പറ്റ: മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്കായി കോൺഗ്രസ് പ്രഖ്യാപിച്ച ഭവനപദ്ധതിക്കെതിരെ സിപിഎം രൂക്ഷ വിമർശനവുമായി രംഗത്തെത്തി. പദ്ധതിയുടെ ഭാഗമായി തറക്കല്ലിട്ടിട്ട് നൂറ് ദിവസം പിന്നിട്ടിട്ടും നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ലെന്നാണ് സിപിഎം ആരോപണം.
മേപ്പാടി കുന്നമ്പറ്റയിൽ കോൺഗ്രസ് വാങ്ങിയ സ്ഥലത്ത് ഫെബ്രുവരി 26ന് രാഹുൽ ഗാന്ധിയും സ്ഥലം എംപി പ്രിയങ്കയും ഒന്നിച്ചെത്തി ശിലാസ്ഥാപനം നടത്തിയത്. എന്നാൽ, ഇതുവരെ വീടുകളുടെ നിർമാണത്തിനായുള്ള അപേക്ഷ പോലും സമർപ്പിച്ചിട്ടില്ലെന്നാണ് സിപിഎം ആരോപിക്കുന്നത്.
സിപിഎമ്മിന്റെ പ്രസ്താവന പ്രകാരം, ശിലാസ്ഥാപന ചടങ്ങിനായി ഒരുക്കിയ പന്തൽ നീക്കിയതും ഒരു കിണർ കുഴിച്ചതുമല്ലാതെ സ്ഥലത്ത് മറ്റൊരു നിർമാണ പ്രവർത്തനവും നടന്നിട്ടില്ല. ദുരന്തബാധിതർക്കായി 230 വീടുകൾ നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ച കോൺഗ്രസ് പിന്നീട് 50 വീടുകൾക്കാണ് തറക്കല്ലിട്ടതെന്നും സിപിഎം ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പ്രചാരണം നടത്തി പണം സമാഹരിച്ചുവെന്നും, സമാഹരിച്ച തുകയുടെ കണക്ക് പൊതുജനങ്ങൾക്ക് വ്യക്തമാക്കിയിട്ടില്ലെന്നും സിപിഎം ആരോപിച്ചു. ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട വിഷയത്തിൽ കോൺഗ്രസിന്റെ നിലപാട് ജനങ്ങളെ നിരാശപ്പെടുത്തിയെന്നും പാർട്ടി വിമർശിച്ചു. കോടികൾപിരിച്ച് മുക്കിയത് തിരിച്ചടിയാകുമെന്ന് കണ്ടാണ് കുന്നമ്പറ്റയിൽ കാട്ടാനശല്യമുള്ള മൂന്നേക്കർ കാപ്പിത്തോട്ടം വാങ്ങി വീടിനായി കല്ലിട്ടത്.
അതേസമയം, സിപിഎമ്മിന്റെ ആരോപണങ്ങൾക്ക് കോൺഗ്രസ് നേതൃത്വം ഔദ്യോഗിക മറുപടി നൽകിയിട്ടില്ല. ഭവനപദ്ധതിയുടെ പുരോഗതി സംബന്ധിച്ച് കോൺഗ്രസ് വിശദീകരണം നൽകുമോയെന്നത് ശ്രദ്ധേയമാണ്.






