കൊച്ചി: കളമശ്ശേരിയിൽ കത്തിക്കുത്തിനിടെ യുവാവ് കൊല്ലപ്പെട്ടു. ഞാറക്കൽ സ്വദേശി വിവേക് (25) ആണ് കൊല്ലപ്പെട്ടത്. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇന്നലെ വൈകിട്ട് 2 പേര്‍ വിവേകിന്‍റെ വീട്ടിലേക്ക് എത്തുകയും പണമിടപാടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ച് തിരികെ പോയി. പിന്നീട് രാത്രി പതിനൊന്നരയോടെ ഇവര്‍ വീട്ടിലെത്തി വിവേകിനെ വിളിച്ചിറക്കി സംസാരിച്ചു. അതിനിടെയാണ് കൂട്ടത്തിലൊരാള്‍ കത്തിയെടുത്ത് വിവേകിനെ കുത്തിയത്. യുവാവിന്‍റെ നെഞ്ചിലാണ് കുത്തേറ്റത്. രണ്ട് പേര്‍ ഉടനെ ഓടിരക്ഷപ്പെടുകയും ചെയ്തു. നിലവിളി കേട്ടെത്തിയ മാതാപിതാക്കൾ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ പുലര്‍ച്ചെ ഒരു മണിയോടെയാണ് വിവേക് മരിച്ചത്.






